swami-sivaswaroopannada
ആലുവ അദ്വൈതാശ്രമത്തിൽ ശിവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തുന്നു

മണപ്പുറത്ത് ബലിതർപ്പണം പുലർച്ചെ തുടങ്ങി

അദ്വൈതാശ്രമത്തിൽ അർദ്ധരാത്രി തുടങ്ങി

ബലിതർപ്പണം നാളെ ഉച്ചവരെ തുടരും

ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി ആഘോഷം പെരിയാറിന്റെ ഇരുകരകളിലുമായി നടന്നു. മണപ്പുറത്ത് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിലുമാണ് ബലിതർപ്പണം നടക്കുന്നത്. അദ്വൈതാശ്രമത്തിൽ ഇന്നലെ അർദ്ധരാത്രിമുതലും മണപ്പുറത്ത് പുലർച്ചെ നാലുമുതലും ബലിതർപ്പണം തുടങ്ങി.

ദേവസ്വം ബോർഡ് തയ്യാറാക്കിയ മൊബൈൽ ആപ്പായ അപ്നാ ക്യൂവിൽ രജിസ്റ്റർ ചെയ്തവരെയാണ് മണപ്പുറത്ത് ബലിയിടാൻ അനുവദിക്കുന്നത്. തുടർന്ന് ഇവർക്ക് ക്ഷേത്രദർശനവും അനുവദിക്കും. മണപ്പുറത്ത് അഞ്ച് ക്ലസ്റ്ററുകളിലായി ഒരേസമയം ആയിരംപേർക്ക് ബലിയിടാം. പെരിയാറിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. ഇന്നലെ അർദ്ധരാത്രി മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശം, എഴുന്നള്ളത്ത് എന്നിവ നടന്നു. അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പരിപാടികൾക്ക് നേതൃത്വം നൽകി. ബലിതർപ്പണ ചടങ്ങുകൾക്ക് മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, സ്വാമി ഋഷി ചൈതന്യ, മധു ശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

രാവിലെ അദ്വൈതാശ്രമത്തിൽ സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തി. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, തായിക്കാട്ടുകര ശാഖായോഗം സെക്രട്ടറി ശശി തൂമ്പായിൽ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, ബാബു കരിയാട്, ലൈല സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. അദ്വൈതാശ്രമം ഭക്തജന സമിതിയുടെയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും നേതൃത്വത്തിൽ നിരവധി വാളണ്ടിയർമാർ അദ്വൈതാശ്രമത്തിൽ ഭക്തർക്ക് സഹായവുമായുണ്ടായിരുന്നു.