
ആലുവ: ശബരിമലയിലെ പുറപ്പെടാശാന്തി സമ്പ്രദായത്തിൽ ദേവസ്വം ബോർഡ് ആത്മപരിശോധന നടത്തണമെന്ന് ആലങ്ങാട് യോഗം ട്രസ്റ്റ് ആവശ്യപ്പെട്ടു. രണ്ടു മേൽശാന്തിമാർ (ശബരിമല, മാളികപ്പുറം) ഒഴിച്ച് മറ്റാർക്കും ഈ സമ്പ്രദായം ബാധകമല്ലെന്നത് വിചിത്രമാണ്. ദേവസ്വം ബോർഡിലെ കീഴ്ശാന്തിമാർക്കോ മറ്റ് ആളുകൾക്കോ (മേൽശാന്തി സഹായികൾ) ബാധകമല്ലാത്ത നിയമം മേൽശാന്തിമാർക്ക് മാത്രമായി അടിച്ചേൽപ്പിക്കുന്നതിൽ ആലങ്ങാട് യോഗം ട്രസ്റ്റ് പ്രതിഷേധിച്ചു.
മണ്ഡല, മകരവിളക്ക് കാലം കഴിഞ്ഞാൽ സന്നിധാനം കാലിയാണ്. വൈദ്യുതി നിലയ്ക്കൽ, ശുദ്ധജലക്ഷാമം, ചികിത്സകൾക്ക് അസൗകര്യം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കിടയിൽ മേൽശാന്തിമാർ മാത്രം ഒരുവർഷം കഴിയണം.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആലങ്ങാട് യോഗം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും ആലങ്ങാട് യോഗം അവകാശിയുമായ കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ ആവശ്യപ്പെട്ടു.