കൊച്ചി: വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ്സ് ദേവാലയം മൈനർ ബസിലിക്ക പദവിയിലേയ്ക്ക് ഉയർത്തുന്ന ചടങ്ങ് നാളെ (ശനി) നടക്കും. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കെ.ആർ.എൽ.സി.സി അദ്ധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കർമലീത്താസഭ മഞ്ഞുമ്മൽ പ്രോവിൻസ് പ്രോവിൻഷ്യൽ ഡോ. തോമസ് മരോട്ടിക്കപ്പറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റോമിൽ നിന്നുള്ള ഡിക്രി വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറയ്ക്കൽ കുർബാന മദ്ധ്യേ വായിക്കും. കൊവിഡ് പ്രോട്ടോകോൾ പ്രകാരം പള്ളിയിൽ കുറച്ചുപേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുഴയോരത്തും പള്ളിക്ക് പുറത്തും വിശ്വാസികൾക്ക് ചടങ്ങുകൾ കാണാൻ പന്തലും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന് കോ-ഓർഡിനേറ്റർ ഇഗ്നേഷ്യസ് ഗോൺസാൽവസ് പറഞ്ഞു.