ആലങ്ങാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. മാലിന്യം നീക്കം ചെയ്യുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.പ്ലാസ്റ്റിക് കിറ്റുകൾ ഒഴിവാക്കുന്നതിന് നേരത്തെ നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതികൾ പാതിവഴിയിലാണ്. ഉപയോഗം കഴിഞ്ഞ കിറ്റുകൾ കുടുംബശ്രീ യൂണിറ്റുകൾ വഴി ശേഖരിച്ച് റീസൈക്ലിംഗ് യൂണിറ്റുകളിലെത്തിക്കുകയായിരുന്നു.എന്നാൽ ചില വാർഡുകളിൽ മാത്രമാണ് ഈ പദ്ധതി തുടരുന്നത്.പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വീട്ടുകാർ കാത്തിരിക്കുന്നതല്ലാതെ പലയിടത്തും നടപടിയുണ്ടാകുന്നില്ല. ഒരു ഘട്ടത്തിൽ കിറ്റുകൾ പൂർണമായി നിരോധിച്ചിരുന്നെങ്കിലും ഇപ്പോൾ നാട്ടിൽ സുലഭമായ അവസ്ഥയാണ്. ആളുകൾ വലിച്ചെറിയുന്ന മാലിന്യ കിറ്റുകൾ പ്രധാന പാതയോരങ്ങളിലടക്കം നിറഞ്ഞു കിടക്കുകയാണ്. അടിയന്തിരമായി ഇവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ ആവശ്യപ്പെട്ടാണ് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുനിൽ ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.