
കൊച്ചി: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൽ.ഡി.എഫ് പ്രചാരണം ആരംഭിക്കുകയും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമിടുകയും ചെയ്തെങ്കിലും യു.ഡി.എഫ്., എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നു. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, വൈപ്പിൻ, കൊച്ചി സീറ്റുകളെ ചൊല്ലി വൈകിയ യു.ഡി.എഫ് പ്രഖ്യാപനം ഇന്നുണ്ടാകും. എൻ.ഡി.എ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും.
പറവൂർ ഒഴികെ 13 മണ്ഡലങ്ങളിലും പ്രഖ്യാപിച്ച എൽ.ഡി.എഫും എട്ടു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കിഴക്കമ്പലം ട്വന്റി 20 യും പ്രചാരണം ആരംഭിച്ചു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നും നാളെയും നടക്കും. എറണാകുളം, കളമശേരി മണ്ഡലം കൺവെൻഷനുകൾ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫിലെ സ്ഥാനാർത്ഥികളെല്ലാം നേതാക്കൾക്കൊപ്പം ഇന്നലെ ജനസമ്പർക്കം ആരംഭിച്ചു. പ്രമുഖ വ്യക്തികളെയും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണുന്നതിനാണ് ഇന്നലെ സമയം കണ്ടെത്തിയത്.
പ്രചാരണത്തിന്റെ ആദ്യഘട്ടമായി പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട കളമശേരിയിൽ സ്ഥാനാർത്ഥി പി. രാജീവും കെ. ചന്ദ്രൻപിള്ളയും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. എറണാകുളത്തെ ഷാജി ജോർജും ആലുവയിലെ ഷെൽന നിഷാദും ഉൾപ്പെടെ പ്രചാരണരംഗത്ത് സജീവമായി.
കോൺഗ്രസ് എം.എൽ.എമാർ കളത്തിൽ
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നെങ്കിലും യു.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എമാർ പ്രചാരണം ആരംഭിച്ചു. മുഴുവൻ സിറ്റിംഗ് എം.എൽ.എമാർക്കും വീണ്ടും സീറ്റ് ലഭിക്കുമെന്ന ഉറപ്പിലാണ് പ്രചാരണം ആരംഭിച്ചത്. പോസ്റ്ററുകളും ഫ്ളക്സുമുൾപ്പെടെ പ്രഖ്യാപനം വന്നശേഷം പുറത്തെടുക്കും. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കുൾപ്പെടെ ഒരുക്കം ആരംഭിച്ചതായി യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു.
തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. ഡൽഹിയിൽ ഹൈക്കമാൻഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് സമിതി സമവായത്തിന് ശ്രമം തുടരുകയാണ്. തൃപ്പൂണിത്തുറയിൽ മുൻമന്ത്രി കെ. ബാബുവിനെ മത്സരിപ്പിക്കണമെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി നിർദേശിച്ചെങ്കിലും മറ്റു നേതാക്കൾ ശക്തമായി എതിർത്തതിനാൽ തീരുമാനത്തിലെത്തിയിട്ടില്ല. കഴിഞ്ഞ തവണ ബാബുവിനെ തോല്പിച്ച എം. സ്വരാജ് മത്സരിക്കുകയും ബി.ജെ.പി പ്രമുഖ നേതാക്കളെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുകയും ചെയ്യുന്നതിനാൽ കെ. ബാബു മത്സരിക്കരുതെന്നാണ് ആവശ്യം. മുൻ കൗൺസിലർ എ.ബി. സാബു, കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, മുൻ മേയർ സൗമിനി ജെയിൻ എന്നിവരെയാണ് പകരം പരിഗണിക്കുന്നത്. പിന്നാക്ക വിഭാഗത്തിന് സീറ്റ് നൽകണമെന്നതും പരിഗണിച്ചായിരിക്കും അന്തിമതീരുമാനം.
മൂവാറ്റുപുഴയിൽ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, മാത്യു കുഴൽനാടൻ എന്നിവരെ പരിഗണിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ പേരും ഇന്നലെ നിർദേശിക്കപ്പെട്ടു. മാത്യു കുഴൽനാടന് ചാലക്കുടിയിൽ സീറ്റ് നൽകാനും നീക്കമുണ്ട്.
കൊച്ചിയിൽ മുൻ മേയർ ടോണി ചമ്മിണിയ്ക്കാണ് മുൻഗണന. വനിതാ പ്രാതിനിധ്യത്തിന് വൈപ്പിനിൽ ലാലി വിൻസെന്റ്, സൗമിനി ജെയിൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്.