പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ ഇരുമുന്നണി സ്ഥാനാർത്ഥികളും പ്രചരണം ആരംഭിച്ചു. 'നേരോടെ കൂടെയുണ്ട്" എന്ന പ്രചരണ വാക്യം ഉയർത്തിപ്പിടിച്ച് വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദർശനത്തോടെയാണ് യു.ഡി.എഫ് സ്ഥനാർത്ഥിയും നിലവിലെ എം.എൽ.എയുമായ എൽദോസ് കുന്നപ്പിള്ളി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട് വീട്ടിലെത്തി മാതാവ് മേരി പൗലോസിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഭവന സന്ദർശനങ്ങൾക്ക് തുടക്കമിട്ടത്.
പെരുമാനി ഭാഗത്ത് അൻപതോളം ഭവനങ്ങൾ യു.ഡി.എഫ് പ്രവർത്തകരോടും നേതാക്കളോടും ഒപ്പം അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളും എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു.
അറക്കപ്പടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.എൻ സുകുമാരൻ, ജോജി ജേക്കബ്, ബ്ലോക്ക് ജനറൽ സെകട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ, ട്രഷറർ എൽദോ മോസസ്, ബൂത്ത് പ്രസിഡന്റ് എ.എം ബഷീർ, വാർഡ് പ്രസിഡന്റ് റെജി ജോൺ, മുസ്ലീം ലീഗ് നേതാവ് വി. എച്ച് മുഹമ്മദ് എന്നിവരും നിരവധി യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബുജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പെരുമ്പാവൂർ പട്ടണത്തിൽ റോഡ് ഷോ നടത്തി.
സ്ഥാനാർത്ഥിയുടെ ഛായാചിത്രം ആലേഖനം ചെയ്ത പ്ലെകാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകർ അണി നിരന്ന റോഡ് ഷോ പ്രചാരണത്തിന്റെ വിളമ്പരമായി മാറി. എൽ.ഡി.എഫ് നേതാക്കളായ അഡ്വ. എൻ.സി മോഹനൻ, കെ.കെ അഷറഫ്, സാജുപോൾ, പി.എം സലിം, കെ.പി റെജിമോൻ, വി.പി ശശീന്ദ്രൻ, കെ.പി ബാബു, സി.വി ശശി, അഡ്വ. വർഗീസ് മൂലൻ, ശാരദാമോഹൻ, ഷിയാസ്, എ സി പാപ്പുക്കുഞ്ഞ്, പി കെ കരുണാകരൻ, അൻവർ മുണ്ടേത്ത്, കെ ഇ നൗഷാദ്, രാജേഷ് കാവുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.