പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി ഭാഗത്ത് 2500 ഏക്കർ സ്ഥലത്ത് വനം വകുപ്പിൽ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്ത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി നട്ടിരിക്കുന്ന അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ഏക്കറ് കണക്കിന് സ്ഥലത്ത് അക്കേഷ്യ മരങ്ങൾ നട്ടുവളർത്തിയിരിക്കുന്നത് കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നു. 1830 ഹെക്ടർ സ്ഥലം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് പാട്ടത്തിന് കൊടുത്തത്. പാട്ടകാലാവധി കഴിഞ്ഞ സ്ഥലം വനം വകുപ്പ് തിരിച്ചെടുത്തെങ്കിലും മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി ആരംഭിച്ചിട്ടില്ല. പ്രകൃതിക്ക് ദോഷകരമായ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റി ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ തോമസ് കെ ജോർജ് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി.