ആലുവ: 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന സന്ദേശമുയർത്തി ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഗോളതലത്തിൽ സംഘടിപ്പിക്കുമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 98 -ാമത് സർവമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമി.

ആഘോഷ പരിപാടികളുടെ വിശദരൂപം ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കും. സമാധാന സന്ദേശമുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.

മതങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല:

അൻവർ സാദത്ത് എം.എൽ.എ

ഒരു മതവും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സമാധാനമാണ് എല്ലാ മതങ്ങളുടേയും ലക്ഷ്യമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. എന്നാൽ മതത്തിന്റെ പേരിൽ ചിലർ അക്രമങ്ങൾ സൃഷ്ടിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഗുരുസന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും എം.എൽ.എ പറഞ്ഞു.