ആലുവ: ഏത് മതത്തിൽപ്പെട്ടവരെയും ഇരുകൈയുംനീട്ടി സ്വീകരിക്കാനുള്ള വിശാലകാഴ്ചപ്പാടാണ് സനാതന ധർമ്മത്തിന്റേതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആർക്കും അവരുടെ ആരാധനാമാർഗങ്ങൾ പിന്തുടരാനും പ്രചരിപ്പിക്കാനും ഭാരതത്തിൽ സാഹചര്യമുണ്ടെന്നും എന്നാൽ തന്റെ മാർഗം മാത്രമാണ് ശരിയെന്ന് വാദിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അദ്വൈതാശ്രമത്തിൽ 98-ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തന്റേതല്ലാത്ത മതങ്ങളെയെല്ലാം ശത്രുതയോടെ കാണുന്നത് ശരിയല്ല. എന്നാൽ ഇത്തരം സമീപനങ്ങൾ കുറച്ചുനാളായി നമ്മുടെ നാട്ടിലുണ്ട്. ഇസ്ലാമിക രാജ്യങ്ങൾപോലും ഇത്തരം ഭീകരവാദങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്. ലോകത്ത് നടക്കുന്ന ഏറ്റമുട്ടലുകൾ മതങ്ങൾ തമ്മിലല്ല. മതത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമെന്ന പേരിൽ തുടങ്ങുന്ന സംഘടനകൾ ക്രമേണ അസഹിഷ്ണുതയുടെ ഭാഗമാകുകയാണ്. ഇത് നമ്മുടെ രാജ്യത്തുള്ള ചിലരും ദൗർഭാഗ്യവശാൽ പിന്തുടരുന്നതാണ് അക്രമത്തിന് വഴിയൊരുക്കുന്നത്.
താൻ തിരഞ്ഞെടുത്ത വഴി മാത്രമാണ് ശരിയെന്ന ചിന്ത ശരിയല്ല. മാർഗം ഒന്നേ ആകാവൂവെന്ന ചിന്തയാണ് അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും അടിസ്ഥാനകാരണം. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം. ഗുരുദേവ ചിന്തയാണ് ഇന്നത്തെ ലോകത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമാർഗം. ലോകത്തിന് മുഴുവൻ വെളിച്ചം നൽകാൻ കഴിയുന്ന ഗുരുവിന്റെ ചിന്തകൾ മലയാളികൾ വേണ്ട വിധത്തിൽ ഉൾക്കൊണ്ടില്ലെന്നാണ് കേരള ഗവർണർ പോലും അനൗദ്യോഗിക ചർച്ചയിൽ പങ്കുവച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എംഎൻ. സോമൻ വിശിഷ്ടാതിഥിയായിരുന്നു. ഫാ. ടി. സാമുവൽ നെറ്റിയാടൻ, ശിഹാബുദീൻ ഫൈസി, പണ്ഡിറ്റ് പ്രകാശ് ഭായ്, സ്വാമി നിഗമാനന്ദപുരി, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കൗൺസിലർ കെ. ജയകുമാർ, സുരേഷ് കുമാർ മധുസുദനൻ (കേരളീയസമാജം മുംബയ്), ഗുരുധർമ്മപ്രചാരണ സഭ കേന്ദ്രസമിതി അംഗം പി.എസ്. സിനീഷ് എന്നിവർ സംസാരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരൻ നന്ദിയും പറഞ്ഞു.