കൊച്ചി: കേരള നിയമസഭ ചീഫ് മാർഷൽ പദവിയിൽനിന്ന് വിരമിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോൾ താരം പി.ബി.തോബിയാസിന് ജനിച്ചുവളർന്ന ബോൾഗാട്ടി ഗ്രാമത്തിലെ കുട്ടിക്കാല സുഹൃത്തുക്കളുടെ സംഘടനയായ ബോൾഗാട്ടി ഫുട്‌ബോൾ ക്ലബ്ബ് സ്വീകരണം നൽകി. യോഗത്തിൽ ഫുട്‌ബോൾ കോച്ച് റൂഫസ് ഡിസൂസ, മുൻകാല ഫുട്‌ബോൾ കളിക്കാരായ ടി.എ. ജാഫർ, വിക്ടർ മഞ്ഞില, സേവ്യർ പയസ്, സി.സി. ജേക്കബ്ബ്, ബ്ലാസി ജോർജ്, സി.വി.പാപ്പച്ചൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ടി.എ.ജാഫർ പൊന്നാട അണിയിച്ച് തോബിയാസിനെ ആദരിച്ചു. ബോൾഗാട്ടി ഫുട്‌ബോൾ ക്ലബ്ബുമായി സഹകരിച്ച് ഫുട്‌ബോൾ പരിശീലന പരിപാടികളിലേർപ്പെടുമെന്ന് തോബിയാസ് മറുപടി പ്രസംഗത്തിൽ അറിയിച്ചു. മുൻകാല ഫുട്‌ബോളർ ജോസഫ് തമ്പി സ്വാഗതവും ബോൾഗാട്ടി ഫുട്‌ബോൾ ക്ലബ്ബ് സെക്രട്ടറി ബോണി തോമസ് നന്ദിയും പറഞ്ഞു. സ്വീകരണത്തിന്റെ ഭാഗമായി സൗഹൃദഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.