jio
ജിയോ മാത്യു

കൊച്ചി: മഹാരാഷ്ട്രയിലെ ബാങ്കിൽനിന്ന് 11 കോടിരൂപ വായ്പ തരപ്പെടുത്തി നൽകാമെന്നുപറഞ്ഞു വിശ്വസിപ്പിച്ച് 75 ലക്ഷംരൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഇടുക്കി വാത്തിക്കുടി കൊന്നക്കാമാലി ദൈവംമേട് നരിക്കുന്നേൽ ജിയോ മാത്യുവിനെയാണ് (44) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.
11 കോടിയുടെ ബിസിനസ് ലോൺ ലഭിക്കുന്നതിന് ബാങ്കിൽ സ്ഥിരനിക്ഷേപമായി 50 ലക്ഷം രൂപയും കമ്മീഷൻ ഇനത്തിൽ 25 ലക്ഷം രൂപയുമെന്ന പേരിലാണ് 75 ലക്ഷം തട്ടിയെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥർ എന്നവ്യാജേന നേരിട്ടെത്തി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പിന്നീട് തട്ടിപ്പുമനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ പരാതിക്കാരനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് കബളിപ്പക്കപ്പെട്ടയാൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതോടെ ഒളിവിൽപോയ മുഖ്യപ്രതിയെ മൊബൈൽടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇടുക്കി പന്നിയാർകുട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
സമാനമായ രീതിയിൽ സാമ്പത്തികതട്ടിപ്പ് നടത്തിയതിന് ജിയോ മാത്യുവിന്റെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലും മട്ടാഞ്ചേരി, പാലക്കാട് സൗത്ത്, ആലപ്പുഴ സൗത്ത് സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. നിസാർ, സബ് ഇൻസ്‌പെക്ടർമാരായ സിസിൽ ക്രിസ്ത്യൻരാജ്, സുനിൽ, ഫുൽജൻ, എസ്.പി.ആനി , സീനിയർ സി.പി.ഒ അനീഷ്, രഞ്ജിത്ത്, സി.പി.ഒമാരായ ഇസഹാക്ക്, അനീഷ്, ഉണ്ണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.