മൂവാറ്റുപുഴ: ഇന്ധനവിലയുടെ കുതിപ്പ് പൈനാപ്പിളുമായി അയൽ സംസ്ഥാനങ്ങളിലേക്ക് പായുന്ന ലോറികളിലെ തൊഴിലാളികളെയും ഉടമകളെയും വമ്പൻ പ്രതിസന്ധിയിലാക്കി. ഓട്ടവും കുറവ് ചെലവ് ഡബിളും എന്നതാണ് സ്ഥിതി.
മൂവാറ്റുപുഴ, വാഴക്കുളം പ്രദേശത്തെ പൈനാപ്പിൾ മേഖലയെ ഈ പ്രശ്നം സാരമായി ബാധിച്ചു കഴിഞ്ഞു. മുംബായ് ട്രിപ്പിന് 40,000 രൂപയാണ് നിലവിലെ ലോറി വാടക. ഇപ്പോഴത്തെ സാഹചര്യത്തിൽ 50,000 രൂപയെങ്കിലും കിട്ടാതെ ലാഭകരമല്ല ഓട്ടം. ലോറിച്ചെലവും രണ്ട് ഡ്രൈവർമാരുടെ കൂലിയും മറ്റും നോക്കുമ്പോൾ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് ഉടമകൾ.
പൈനാപ്പിളിന്റെ വില തകർച്ചയിൽ കർഷകർ നട്ടം തിരിയുമ്പോൾ ചരക്കുകൂലി കൂട്ടുന്ന കാര്യം ലോറിക്കാർക്കും ആലോചിക്കാൻ പറ്റില്ല.
ദിവസം 120-150 ലോറികൾ പൈനാപ്പിളുമായി ഇവിടെ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. ഇതിൽ 80 ലോറികളും മൂവാറ്റുപുഴക്കാരുടേതാണ്. ഏകദേശം 1500 ടൺ ചരക്കാണ് ഒരു ദിവസം കയറിപ്പോകുന്നത്.
വളരെ ദയനീയമായ അവസ്ഥയാണ്. അടിക്കടിയുള്ള ഇന്ധന വില രൂക്ഷം. ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ
പാടുപെടുന്നു.
ശ്രീനിവാസ റാവു
പൈനാപ്പിൾ വ്യാപാരി
ഇന്ധവില നല്ലതുപോലെ കുറഞ്ഞാൽ മാത്രമേ ഈ പ്രതിസന്ധി നേരിടാൻ പറ്റൂ. സി.സി ലോൺ അടവുകൾ പോലും സാധിക്കുന്നില്ല. കൈയ്യിലുള്ള രൂപ കൊണ്ടാണ് തിരിച്ചടവ്.
രതീഷ്,
ലോറി ഉടമ
വാടക വർദ്ധിപ്പിച്ച് കിട്ടിയാലേ ഞങ്ങളുടെ വരുമാനം കൂടുകയുള്ളൂ. ഈ സ്ഥിതി വളരെ പരിതാപകരം.
അജിൽ പി.എസ്
ലോറി ഡ്രൈവർ