bjp-

കൊച്ചി: പള്ളികൾ കൈമാറുന്നത് ത‌ടയാനുള്ള നടപടികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചാൽ ജില്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് യാക്കോബായസഭ പിന്തുണ നൽകും. സഹായിക്കുന്നവർക്ക് ഇക്കുറി വോട്ട് എന്നതാണ് സഭയുടെ നിലപാട്. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളും യാക്കോബായസഭയിലെ മെത്രാപ്പോലീത്തമാരും നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ അമിത് ഷായെ മെത്രാപ്പോലീത്തമാർ സന്ദർശിക്കുന്നത്.

സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കാനാണ് കഴിഞ്ഞയാഴ്ച ചേർന്ന സിനഡ് യോഗം തീരുമാനിച്ചത്. യു.ഡി.എഫും എൽ.ഡി.എഫും സഹായിച്ചിട്ടുണ്ടെങ്കിലും പള്ളികൾ കൈമാറുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് യാക്കോബായ സഭയുടെ പരാതി. പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നത് ഒഴിവാക്കാൻ നിയമനിർമാണം വേണമെന്നാണ് സഭയുടെ ആവശ്യം. രണ്ടു മുന്നണികളും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. തുടർന്നാണ് ബി.ജെ.പിയുടെ സഹായം തേടിയത്. അമിത് ഷായുള്ള ചർച്ചയിലും ഇക്കാര്യമായിരിക്കും പ്രധാനമായി ഉന്നയിക്കുക.

 നാലിടത്ത് നിർണായകം

പെരുമ്പാവൂർ, കോതമംഗലം, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ യാക്കോബായസഭയ്ക്ക് നിർണായക സ്വാധീനമുണ്ട്. സഭയുടെ പിന്തുണ ലഭിച്ചാൽ ഇവിടങ്ങളിൽ ഗണ്യമായ വോട്ട് നേടാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സഭയ്ക്കുകൂടി സ്വീകാര്യരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും ബി.ജെ.പി ഒരുക്കം നടത്തുന്നുണ്ട്. സഭാംഗങ്ങളെയും പരിഗണിക്കുമെന്നാണ് സൂചനകൾ. ഇവിടങ്ങളിൽ ബി.ജെ.പിയെ സഭ പിന്തുണച്ചാൽ ഇടതു, വലതു മുന്നണി സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുൻകൈയെടുത്താണ് യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി ചർച്ച ആരംഭിച്ചത്. ഇരുവിഭാഗങ്ങളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ചർച്ച നടത്തിയിരുന്നു. ഒരു മണിക്കൂർ തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി ചെലവഴിച്ചതിൽ യാക്കോബായസഭ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനുരഞ്ജനത്തിലൂടെയോ നിയമനിർമാണത്തിലൂടെയോ തർക്കം പരിഹരിക്കുകയും പള്ളികൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നാണ് യാക്കോബായസഭയുടെ ആവശ്യം.

 കേന്ദ്രത്തിൽ ശുഭപ്രതീക്ഷ

വിശ്വാസികൾ അവരുടെ വോട്ട് സഭയ്ക്കു വേണ്ടി നൽകാൻ ആവശ്യപ്പെടും. അതിനപ്പുറം ഒന്നും ആവശ്യപ്പെടാനില്ല. സഭാപ്രശ്നത്തിൽ കേന്ദ്ര സർക്കാർ തുറന്ന സമീപനമാണ് സ്വീകരിച്ചത്. കേന്ദ്ര നീക്കത്തെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്.

ജോസഫ് ഗ്രിഗോറിയോസ്

മെത്രാപ്പോലീത്തൻ ട്രസ്റ്റി

യാക്കോബായസഭ