കൊച്ചി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ട്രേഡ് യൂണിയൻ നേതാക്കളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എല്ലാ ജില്ലയിലും ശക്തരായ നേതാക്കളെ മത്സരിപ്പിക്കാൻ ഐ.എൻ.ടി.യു.സി തീരുമാനിച്ചു. ഭാവിപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഏഴംഗ സമിതിക്ക് രൂപംനൽകി. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15 സീറ്റുകളിൽ ആദ്യം അവകാശം ഉന്നയിച്ചെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭ്യർത്ഥന മാനിച്ച് അഞ്ചിലേയ്ക്ക് വെട്ടിക്കുറച്ചു. 17 ലക്ഷം അംഗങ്ങളുള്ള ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ ഒന്നാമത്തെ വോട്ടു ബാങ്കാണ്. തൊഴിലാളി കുടുംബങ്ങളെക്കൂടി കൂട്ടിയാൽ 35 ലക്ഷം വോട്ട് നിഷ്പ്രയാസം സമാഹരിക്കാൻ ഐ.എൻ.ടി.യു.സിക്ക് കഴിയും. ചന്ദ്രശേഖർ പറഞ്ഞു.