കോലഞ്ചേരി: കാൽപ്പന്ത് കളി പ്രാണനും പ്രണയവുമായി കൊണ്ടുനടന്ന ശ്രീനിജിൻ കളിക്കളത്തിൽനിന്നും രാഷ്ട്രീയ കോർട്ടിലേക്കിറങ്ങിയപ്പോൾ ലഭിച്ച ആവേശത്തിന് തെല്ലും കുറവുവരാതെയാണ് ഇക്കുറി കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് കളിക്കളത്തിൽ രണ്ടാമങ്കത്തിനിറങ്ങുന്നത്. യഥാർത്ഥ കാൽപ്പന്ത് കളിയിൽ എം.ജി.യൂണിവേഴ്സിറ്റിക്കും സംസ്ഥാന സബ് ജൂനിയർ ടീമിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ക്ളബ്ബുകൾക്കുംവേണ്ടി ജഴ്സിയണിഞ്ഞിട്ടുള്ള ശ്രീനിജൻ നിലവിൽ കേരള സ്പോർട്സ് കൗൺസിൽ അംഗവും ജില്ലാ ഫുട്ബോൾ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ്.
തിരഞ്ഞടുപ്പിലെ ആദ്യമത്സരം 2006ൽ ഞാറക്കലിൽ യു.ഡി.എഫ് ടീമിനൊപ്പമായിരുന്നു. അന്ന് ഗോളടിച്ചത് എതിർപക്ഷമായിരുന്നെങ്കിലും അതേ എതിർപക്ഷ മായ എൽ.ഡി.എഫിനൊപ്പം രണ്ടാമങ്കത്തിന് കുന്നത്തുനാട്ടിൽ ഇറങ്ങിയത് ചരിത്രനിയോഗം. 2016 വരെ യു.ഡി.എഫ് ടീമിനൊപ്പമായിരുന്നെങ്കിൽ ടീമുമായുണ്ടായ അഭിപ്രായ ഭിന്നതകൾ ഇദ്ദേഹത്തെ എതിർപക്ഷത്തെത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പങ്കത്തിൽ എൽ.ഡി.എഫ് കുന്നത്തുനാട് ടീമിനെ നയിക്കാനെത്തിയോടെയാണ് ഇടത് സഹയാത്രികനായത്. കളിയോടൊപ്പം അഭിഭാഷകവൃത്തിയിലും മുൻ നിരയിലാണിദ്ദേഹം.
കളമശേരി ജി.എച്ച്.എസ്, എറണാകുളം മഹാരാജാസ്, കളമശേരി സെന്റ് പോൾസ് കോളജുകളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം ലോ കോളേജിൽ നിന്നു നിയമ ബിരുദം. 2002 ൽ ഹൈക്കോടതിയിൽ അഭിഭാഷക ജീവിതം ആരംഭിച്ചു. 2005 ൽ ഇംഗ്ലണ്ടിലെ നോർതാംപ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.എം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ ജില്ലയിലെ കായികമേഖലയുടെ അടിസ്ഥാനവികസനത്തിന് 50 കോടിയുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രീനിജിന് കഴിഞ്ഞു. മൂവാറ്റുപുഴ സ്റ്റേഡിയത്തിന് 33 കോടി രൂപ, കോതമംഗലം ചേലാട് സ്റ്റേഡിയത്തിന് 15.83 കോടിയുടെയും പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. പല്ലാരിമംഗലം ഫുട്‌ബോൾ ടർഫിനും തൃപ്പൂണിത്തുറ മൾട്ടി ജിമ്മിനും ഒരു കോടിയോളം രൂപ അനുവദിപ്പിക്കാൻ കഴിഞ്ഞത് നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഹൈക്കോടതിയിലെ ഗവ. പ്ലീഡറായ അഡ്വ. കെ.ബി. സോണിയാണ് ഭാര്യ. വിദ്യാർത്ഥികളായ കീർത്തന, ഹൃദിക എന്നിവർ മക്കളാണ്.