
കോലഞ്ചേരി: സ്ഥാനാർത്ഥികൾക്കൊപ്പം പന്തയക്കാരും കളത്തിലിറങ്ങി. പതിവുപോലെ 'കുപ്പി'യാണ് പന്തയത്തിലും താരം. മൊട്ടയടിയും, പാതി മീശയെടുക്കലുമായി നാടൻ പന്തയക്കാരും രംഗത്തുണ്ട്. തോറ്റാൽ എതിർ പാർട്ടിയുടെ കൊടിയുമായി പൊതു നിരത്തിൽ നടക്കുക തുടങ്ങി വ്യത്യസ്ഥങ്ങളായ പലവ്യവസ്ഥകളുമുണ്ട്.
പ്രമുഖരും പന്തയത്തിൽ പങ്കാളികളാകാറുണ്ട്. അത്തരത്തിലൊരു രസകരമായ പന്തയം വെള്ളാപ്പള്ളി നടേശനും വക്കം പുരുഷോത്തമനും തമ്മിൽ 2011ൽ അരങ്ങേറി. നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റിലേറെ യു.ഡി.എഫ് നേടുമെന്ന് വക്കവും 75 ൽ കുറവാകുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. പറഞ്ഞതിന് വിരുദ്ധമായി സംഭവിച്ചാൽ സ്വർണ്ണമോതിരമായിരുന്നു പന്തയം. പന്തയത്തിൽ തോറ്റ വക്കം വെള്ളാപ്പള്ളിയ്ക്ക് രണ്ടു പവൻ തൂക്കമുള്ള നവരത്‌ന മോതിരമാണ് നല്കിയത്. തിരഞ്ഞെടുപ്പ് ചൂട് കൂടുന്തോറും പന്തയക്കാരും സജീവമാകും. ഏറെ അദ്ധ്വാനിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങളേക്കാളും സുഖമുണ്ടത്രെ പന്തയത്തിലെ വിജയങ്ങൾക്ക്....