sandeep

കൊച്ചി: സ്വ‌ർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമ്മർദ്ദം ചെലുത്തിയെന്ന് എറണാകുളം ജില്ലാ ജഡ്‌ജിക്ക് കേസിലെ പ്രതി സന്ദീപ് നായരുടെ കത്ത്. തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് മുഖാന്തിരം നൽകിയ കത്തിൽ ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിക്കാൻ ഇ.ഡി നിർബന്ധിച്ചുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ ഇ.ഡിക്ക് എതിരെ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോടു സർക്കാർ നിയമോപദേശം തേടിയിരിക്കെയാണ് സന്ദീപ് നായരുടെ കത്ത്. കഴിഞ്ഞ ദിവസം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കേസിൽ സന്ദീപ് നായരെ കസ്റ്റംസ് പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. നിലവിൽ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായർ.

കത്തിൽ

പറയുന്നത്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നതനേതാവിന്റെ മകന്റെയും പേര് പറഞ്ഞാൽ ജാമ്യം ഉറപ്പു നൽകി. നിഷേധിച്ചപ്പോൾ ഉറങ്ങാൻ അനുവദിച്ചില്ല. പലവിധത്തിൽ പീഡിപ്പിച്ചു. ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണനാണ് പേരു പറയാൻ നി‌ർബന്ധിച്ചത്. രാഷ്ട്രീയപ്രേരിതമായി കേസിന്റെ ഗതിമാറ്റിവിട്ടു. ബന്ധങ്ങളോ ധനനിക്ഷേപമോ ഇല്ലാത്ത എന്നെപ്പോലുള്ളവരെ ബലിയാടുകളാക്കി. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനാസൃഷ്ടിയും മറ്റ് മൊഴികളും കൂട്ടിക്കല‌ർത്തിയതാണ് കുറ്റപത്രം. കസ്റ്റംസിന്റെ കസ്റ്റഡിയിലിരിക്കെ നൽകിയ മൊഴി പകർത്തിയെഴുതുക മാത്രമാണ് ഇ.ഡി ചെയ്തത്. മറ്റൊരു കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു. മറ്റ് അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണ് ഇ.ഡി കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്. ഇതിൽ നിർബന്ധപൂർവം ഒപ്പ് വയ്പിച്ചു. ഭാര്യയും കുഞ്ഞും അമ്മയും മാനസിക വൈകല്യമുള്ള ഒരു സഹോദരനുമാണുള്ളതെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് മൂന്ന് പേജുള്ള കത്തിൽ പറയുന്നത്.

ഗൂഢാലോചന:

ഇ.ഡി

സന്ദീപ് നായർ എറണാകുളം ജില്ലാ ജഡ്‌ജിക്ക് നൽകിയ കത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി ഇ.ഡി. ഇക്കാര്യം അന്വേഷിക്കും. ജാമ്യം ലഭിക്കാനുള്ള അടവാണിതെന്നും പേര് പറയാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.