മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമല ഒത്തിരി ഐതിഹ്യങ്ങൾ നിറഞ്ഞതും പ്രകൃതി രമണീയവുമാണ്. പ്ലസ് വൺ വിദ്യാർത്ഥിയായ ബേസിലാണ് ഇൗ മലയെ പ്രധാന ലൊക്കേഷനാക്കി ഷോർട്ട് ഫിലിം തയ്യാറാക്കിയത്. മലയുടെ ചരിത്രംതേടി മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബേസിൽ രചന നിർവഹിച്ചത്. സംവിധാനവും ബേസിലാണ്. ഷറഫ് മുതിരക്കാലായി നിർമ്മാണത്തിനായി മുന്നോട്ടുവന്നതോടെയാണ് ബേസിലിലെ സിനിമക്കാരൻ ഉണർന്നത്. ഷോർട്ട് ഫിലിം ഹിറ്റായതോടെ പോയാലിമല നേരിട്ടുകാണാൻ നിരവധി സ്ഥലങ്ങളിൽനിന്ന് അന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം വിനോദ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചുവരുന്നു.
വളരെ പണ്ട് ആലി തങ്ങൾ ജീവിച്ചിരുന്നത് മലയുടെ നെറുകയിലാണെന്നാണ്പഴമക്കാർ പറയുന്നത്. തങ്ങൾക്ക് കുടിക്കുന്നതിനായി കുത്തിയ കിണർ മലയുടെ നെറുകയിൽ തെളിഞ്ഞ വെള്ളത്തോടെ ഇപ്പോഴും കാണാം.വ്യാസം കുറഞ്ഞ ഇൗ കിണറിൽ ഒരുകാലത്തും വെള്ളം വറ്റുകയില്ല. പാറയിൽ താഴ്ത്തിയ കിണറിൽ വെള്ളം വറ്റാത്തത് പഠനവിധേയമാക്കുന്നതിന് ഗവേഷകരും എത്തുന്നുണ്ട്. ആലി തങ്ങളുടെ കാൽപാദങ്ങളും പാറമുകളിൽ തെളിഞ്ഞ് കാണാം. മറ്റൊരു ഐതിഹ്യത്തിൽ ഭീമസേനൻ മലമുകളിൽ തങ്ങിയതായും പഴമക്കാർ പറയുന്നുണ്ട്. മലമുകളിൽ തങ്ങിയ ഭീമസേനന് ദാഹിച്ചപ്പോൾ വെള്ളം കുടിക്കുന്നതിനായ ചവിട്ടിത്താഴ്ത്തിയ കിണറാണിതെന്നും പറയപ്പെടുന്നു.