വൈപ്പിൻ: എതിരാളികളായില്ലെങ്കിലും വൈപ്പിൻ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ കളം നിറഞ്ഞുകഴിഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ യുവജന പ്രസ്ഥാനത്തിലൂടെയാണ് ഉണ്ണിക്കൃഷ്ണൻ പൊതുരംഗത്തെത്തിയത്.
മുൻഗാമി എസ്. ശർമ്മ എം.എൽ.എയോടൊപ്പമാണ് ഉണ്ണിക്കൃഷ്ണൻ എറണാകുളത്ത് അതിരൂപത മെത്രാസനത്തിലെത്തി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹം തേടിയത്. മെത്രാസന പരിസരത്തുവെച്ച് കണ്ട പി.ടി. തോമസ് എം.എൽ.യുമായും ഉണ്ണിക്കൃഷ്ണൻ സൗഹൃദം പങ്കിട്ടു.
ചെറായി വിജ്ഞാനവർദ്ധിനി സഭ ഓഫീസ്, ക്ഷേത്രാങ്കണത്തിൽ പുതിയതായി നിർമ്മിച്ച ഗുരുമന്ദിരം, ചെറായി ശ്രീവരാഹദേവസ്വം ഓഫീസ്, സമുദായ ചന്ദ്രിക ഓഫീസ്, ചെറായി ജുമാമസ്ജിദ്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, കൈത്തറി നെയ്ത്ത് സഹകരണസംഘം, രക്തസാക്ഷി ചന്ദ്രബാബുവിന്റെ വീട് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി എത്തി. ചന്ദ്രബാബുവിന്റെ അമ്മ എന്റെ മകൻ തന്നെയാണ് ഉണ്ണിയെന്ന് കണ്ണീരോടെ പറഞ്ഞ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.