kadamprayar
നീരൊഴുക്ക് നിലച്ച കടമ്പ്രയാർ

കിഴക്കമ്പലം: കാടും പുല്ലും കുളവാഴയും പാഴ്‌ച്ചെടികളും വളർന്ന് കടമ്പ്രയാറിൽ നീരൊഴുക്ക് നിലച്ചു. വിനോദസഞ്ചാരികളും തിരിഞ്ഞുനോക്കുന്നില്ല... കടമ്പ്രയാറിനെ രക്ഷയ്ക്ക് ആരുവരും ‌?. ഒരു കാലത്ത് കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളെ ഹരിതാഭമാക്കിയിരുന്ന കടമ്പ്രയാറിന്റെ കൈവഴികളിൽ നീരൊഴുക്ക് നിലച്ചിട്ട് നാളേറെയായി. ഇതേത്തുടർന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

 നീരൊഴുക്ക് നിലച്ച് കൈവഴികൾ

ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് വിവിധ കൈവഴികളിലൂടെയാണ് കടമ്പ്രയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഈ കൈവഴികളിൽ നീരൊഴുക്ക് നിലച്ചതോടെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും താറുമാറായ അവസ്ഥയിലാണ്. വേനൽ തുടങ്ങിയതോടെ കുന്നത്തുനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കടമ്പ്രയാറിന് 14 കൈവഴികളാണ് നിലവിലുള്ളത്. ഇതിലധികവും പായലും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട സ്ഥതിയാണ്. പാലക്കുഴിത്തോട്, മാത കുളങ്ങരത്തോട്, പുതുശേരിക്കടവ് തോട്, താമരച്ചാൽ വലിയതോട്, കോച്ചേരിത്താഴം തോട്, കിഴക്കമ്പലം വലിയതോട്, പാപ്പാറക്കടവ് തോട്, മനക്കത്തോട്, മോറക്കാലതാഴം തോട്, കാണിനാട് പനമ്പേലി തോട്, പള്ളിക്കരത്തോട് തുടങ്ങിയവയെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് ജലഗതാഗതത്തിന് ഉപയോഗിച്ച ആഴവും വീതിയുമുള്ള തോടുകളായിരുന്നു. എന്നാൽ ഇരുവശങ്ങളിൽ നിന്നുള്ള കൈയേ​റ്റവും കൂടിയതോടെ തോടുകളുടെ വിസ്തീർണ്ണം പകുതിയായി.

 കൃഷി ഇറക്കാതായത് വിനയായി

തോടുകളോട് ചേർന്നുള്ള ഏക്കർ കണക്കിന് പാടശേഖരത്തിൽ കൃഷി ഇറക്കാതായതോടെ തോടുകളിൽ പുല്ലും പായലും ചെളിയും നിറഞ്ഞു. നേരത്തെ കർഷകർ തന്നെ മൂന്ന് പൂപ്പ് കൃഷി ഇറക്കുമ്പോൾ കൈവഴികളും വൃത്തിയാക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പ് കടമ്പ്രയാറിലെ ജല ലഭ്യതയെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. ഇതുപോലെ കൈവഴികളും ചെറുതോടുകളും നന്നാക്കുന്നതിനും പദ്ധതികൾ തയാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തുകൾ അനുവദിക്കുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ തോടുകളും പുനരുദ്ധരിക്കുക സാധ്യമല്ല. അതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ബൃഹദ് പദ്ധതി തയാറാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

 തടയണ നിർമ്മിക്കണം

തോടുകളുടെ ഇരുവശങ്ങളും കരിങ്കല്ലുകെട്ടിത്തിരിച്ച് പല ഭാഗങ്ങളിലായി തടയണ നിർമ്മിച്ചാൽ ഒരു പരിധി വരെ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.