hari-

കൊച്ചി: അന്തിമ പട്ടികയിൽ പേര് വന്നത് മൂന്നു തവണ. പ്രചാരണവും ആരംഭിച്ചു. എന്നാൽ, അവസാന നിമിഷത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പേരുവെട്ടി. ഇത്തവണയും പേരുണ്ട്. എന്താകുമെന്ന് അറിയില്ല. മുൻകാല തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഓരോ അവസരങ്ങളും ചുണ്ടിനും കപ്പിനുമിടയിൽ നഷ്‌ടപ്പെട്ട കോൺഗ്രസ് നേതാവ് കെ.പി. ഹരിദാസ് ഇത്തവണ ഐ.എൻ.ടി.യു.സിയുടെ ബാനറിൽ കളത്തിലിറങ്ങും.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധപ്പെടുത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. ഹരിദാസ് ഉൾപ്പെടെ തൊഴിലാളി നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് ഐ.എൻ.ടി.യു.സിയുടെ തീരുമാനം. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ജില്ലയിലെ 14 സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും.

എന്നും കോൺഗ്രസുകാനാണ്. പക്ഷേ പാർട്ടിക്ക് ആവശ്യമില്ലെന്നു വന്നാൽ എന്തു ചെയ്യാം. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഹരിദാസ് പറയുന്നു. 12ാം വയസിൽ കോൺഗ്രസിന് പ്രചാരണത്തിന് ഇറങ്ങിയതാണ്. പ്രായത്തിന്റെ പേരിൽ മുതിർന്ന നേതാക്കളെ മാറ്റിനിറുത്തുന്നതിൽ അമർഷമുണ്ട്. സി.എം. സ്റ്റീഫൻ, വി.പി. മരയ്ക്കാർ, ബി.കെ. നായർ തുടങ്ങിയ ഐ.എൻ.ടി.യു.സി നേതാക്കൾക്ക് മത്സരിക്കാൻ അവസരം ലഭിച്ചത് വളരെ വൈകിയാണ്. പ്രായാധിക്യം അവരുടെ പ്രവർത്തനത്തെ ഒരുവിധത്തിലും ബാധിച്ചില്ല.

സ്ഥാനാർത്ഥികളുടെ പ്രവർത്തനപരിചയവും അനുഭവ സമ്പത്തും കണക്കിലെടുക്കാൻ പാർട്ടി തയ്യാറാകണം. കെ. കരുണാകരൻ ഐ.എൻ.ടി.യു.സിയിലൂടെ കോൺഗ്രസിലെത്തിയ നേതാവാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് ട്രേഡ് യൂണിയൻ പ്രവർത്തകർക്ക് പാർട്ടിയിൽ വിലയില്ലാതായത്. ജയസാദ്ധ്യതയില്ലാത്ത മണ്ഡലത്തിൽ പോലും ഐ.എൻ.ടി.യു.സിക്ക് അവസരം നൽകാൻ നേതൃത്വം മടിക്കുകയാണ്. പുറത്തു നിന്നുള്ള നേതാക്കളെ വൈപ്പിനിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും ഹരിദാസ് പറഞ്ഞു.