വൈപ്പിൻ: മാസങ്ങളായി പള്ളിപ്പുറം മേഖലയിൽ കുടിവെള്ളക്ഷാമം നേരിട്ടപ്പോൾ എസ്. ശർമ്മ എം.എൽ.എ ഇടപെട്ട് പറവൂർ വാട്ടർ അതോറിറ്റിയുമായി ചർച്ച നടത്തിയപ്പോൾ ചെറായിയിൽ ബൂസ്റ്റർ സ്ഥാപിച്ചാൽ പള്ളിപ്പുറം മേഖലയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ബൂസ്റ്റർ സ്ഥാപിക്കാൻ 15 ലക്ഷം രൂപയും പറവൂർ പമ്പ് ഹൗസിലെ വാൽവ് ശരിയാക്കാൻ 5 ലക്ഷം രൂപയും എം.എൽയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു.
ഇതേത്തുടർന്ന് ചെറായി സ്റ്റാർ തിയേറ്ററിന് പടിഞ്ഞാറുഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് ബൂസ്റ്റർ സ്ഥാപിച്ചു. പറവൂരിലെ വാൽവും ശരിയാക്കി. ഇതെല്ലാം കഴിഞ്ഞിട്ടും പള്ളിപ്പുറത്തെ കുടിവെള്ള ക്ഷാമത്തിനുമാത്രം പരിഹാരമായില്ല. ഇക്കാര്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ വിശദീകരണം നൽകാനുമാവുന്നില്ല.
വേനൽ രൂക്ഷമാവുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയും ചെയ്തതോടെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി നിരവധി സമരങ്ങളാണ് അരങ്ങേറുന്നത്. ക്ഷമനശിച്ച ഭരണകക്ഷിക്കാർതന്നെ ഇപ്പോൾ സമരരംഗത്തെത്തിക്കഴിഞ്ഞു. ഞായറാഴ്ചയ്ക്കകം കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിങ്കളാഴ്ച സംസ്ഥാനപാതയിൽ പള്ളിപ്പുറം കോൺവെന്റ് പാലത്തിനടുത്ത് ഗതാഗതം ഉപരോധിക്കുമെന്ന് സി.പി.എം പള്ളിപ്പുറം ലോക്കൽ സെക്രട്ടറി എ.എസ്. അരുണ മുന്നറിയിപ്പ് നൽകി.