വരാപ്പുഴ: ചരിത്ര പ്രസിദ്ധമായ വരാപ്പുഴ മൗണ്ട് കാർമൽ ആന്റ് സെന്റ് ജോസഫ്‌സ് പള്ളി ബസിലിക്കാ പദവിയിലേക്ക്. വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായിരുന്നു പള്ളി.
വിളംബര പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ആർച്ച് ബിഷപ്പ് എമരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കൊച്ചിൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. സ്മാരക ഫലകം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനാശ്ചാദനം ചെയ്യും. 1673 ൽ മിഷണറിയും, ഹോർത്തൂസ് മലബാറിക്കൂസിന്റെ ഗ്രന്ഥകാരനുമായ മത്തേവൂസ് പാതിരിയാണ് വരാപ്പുഴ പള്ളി നിർമ്മിച്ചത്.
മലയാളത്തിന്റെ ആദ്യ വ്യാകരണഗ്രന്ഥം രചിച്ച ബിഷപ്പ് ഡോ. ആഞ്ചലോ ഫ്രാൻസിസ്, പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്ന കൽപ്പന ഇറക്കിയ മിഷണറി ആർച്ച് ബിഷപ്പ് ബർണർദീനോ ബച്ചിനെല്ലി, സംക്ഷേപ വേദാർത്ഥം തയ്യാറാക്കി റോമിൽ എത്തിച്ച് അച്ചടിച്ച ക്ലമന്റ് പിയാനിയൂസ് പാതിരി, മത്തേവൂസ് പാതിരി ഉൾപ്പടെ മുപ്പതോളം മിഷണറിമാരുടെ മൃതശരീരം അടക്കം ചെയ്തിട്ടുള്ളത് വരാപ്പുഴ പള്ളിയിലാണ്.