കൊച്ചി: തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സാമ്പത്തിക ഇടപാടുകൾക്കുള്ള നിയന്ത്രണം വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നതായി കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആരോപിച്ചു. കള്ളപ്പണം കണ്ടുപിടിക്കുന്നതിന് അധികൃതർ റോഡുകളിൽ രാത്രി നടത്തുന്ന മിന്നൽ പരിശോധന വ്യാപാരസ്ഥാപനങ്ങൾ പണവുമായി വീടുകളിലേക്ക് മടങ്ങുന്ന വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു.

തടഞ്ഞുനിറുത്തുന്ന വ്യാപാരികളെ കുറ്റവാളികളെപ്പോലെ മണിക്കൂറുകളോളം കസ്റ്റഡിയിൽ പീഡിപ്പിക്കുന്നത് നിയമാനുസൃതമല്ല. പിടിച്ചെടുക്കുന്ന തുകയ്ക്ക് മതിയായ രേഖകൾ ഹാജരാക്കാൻ സാവകാശം അനുവദിക്കണം. രണ്ടു ദിവസം ബാങ്ക് അവധികളും തുടർന്നുള്ള രണ്ടു ദിവസം ബാങ്ക് പണിമുടക്കുമായതിനാൽ വ്യാപാരികൾക്ക് പണം വീടുകളിലേയ്ക്ക് കൊണ്ടുപോകേണ്ടിവരുന്നത് കണക്കിലെടുത്ത് അനുകൂലസമീപനം അധികൃതർ സ്വീകരിക്കണമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും ആവശ്യപ്പെട്ടു.