
കൊച്ചി: മീനമാസപൂജയ്ക്ക് നട തുറക്കുമ്പോൾ ശബരിമലയിൽ ദിവസവും 10,000 പേർക്ക് ദർശനം നടത്താൻ ഹൈക്കോടതി അനുമതി. 5,000 പേർക്കായിരുന്നു മുൻപ് ദർശനാനുമതി.
വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ നിർദേശം ദേവസ്വം ബെഞ്ച് അനുവദിച്ചില്ല.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റുമായി വേണം ദർശനത്തിന് വരേണ്ടത്.
വെബ്സൈറ്റിൽ 5,000 പേരും ബുക്കു ചെയ്താലും പകുതിപ്പേരേ ദർശനത്തിന് എത്താറുള്ളൂവെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചിരുന്നു. അതിനാൽ വെർച്വർ ക്യൂ ഒഴിവാക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. മുഴുവൻ സ്ലോട്ടും ബുക്കു ചെയ്യുന്നതിൽ അസ്വാഭാവികതയുണ്ടെങ്കിൽ അറിയിക്കാൻ കോടതി പൊലീസ് മേധാവിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ഇന്നലെ ലഭിച്ചില്ല.
ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവാണെന്ന റിപ്പോർട്ടുമായി വരുന്ന എല്ലാവരെയും ദർശനത്തിന് അനുവദിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
മീനമാസ പൂജയ്ക്ക് 15 ന് തുറക്കുന്ന നട ഉത്രം ഉത്സവം കഴിഞ്ഞ് 28 നാണ് അടയ്ക്കുക. ദർശനത്തിന് വരുന്നവർക്ക് നിലയ്ക്കലിൽ കൊവിഡ് പരിശോധിക്കാൻ സൗകര്യം ഒരുക്കും. ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും കമ്മിഷണർ കോടതിയെ അറിയിച്ചു.