കൊച്ചി: മോഡൽ പരീക്ഷയും മറ്റു ഒരുക്കങ്ങളും പൂർത്തിയായ സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകൾ മാറ്റിയത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തിരിച്ചടിയാകുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ എട്ടിന് പരീക്ഷകൾ ആരംഭിക്കുമ്പോൾ പഠിച്ചതെല്ലാം മറക്കുമോയെന്ന ഭയമാണ് വിദ്യാർത്ഥികൾക്ക്.

ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകളിൽ എത്തി റിവിഷൻ പൂർത്തിയാക്കി പരീക്ഷ എഴുതാനുള്ള കാത്തിരിപ്പിലായിരുന്നു വിദ്യാർത്ഥികൾ. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് നൽകി. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറും തയ്യാറായി. ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. പഴയതിന് പകരം പുതിയ ടൈംടേബിൾ വരുമ്പോൾ വിദ്യാർത്ഥികളുടെ ആശയക്കുഴപ്പം ഇരട്ടിക്കും.

 അദ്ധ്യാപകർ തയ്യാറായിരുന്നു

പരീക്ഷ മാറ്റിവയ്ക്കുന്നതിനോട് ഒരുവിഭാഗം അദ്ധ്യാപകർക്ക് യോജിപ്പില്ല. ഓൺലൈൻ ക്ലാസുകൾക്ക് ശേഷം വളരെ കുറച്ച് ക്ലാസുകൾ മാത്രമേ കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കാൻ സാധിച്ചിരുന്നുള്ളൂ. ഇനിയും ഒരുമാസം കൂടി പരീക്ഷയ്ക്കായി കാത്തിരിക്കണമെന്നത് വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെയാണ് ബാധിക്കുന്നത്. അദ്ധ്യാപകർക്കായുള്ള തിരഞ്ഞെടുപ്പ് പരിശീലനം ശനി, ഞായർ ദിവസങ്ങളിലും പരീക്ഷ ഇല്ലാത്ത സമയങ്ങളിലും നടത്താനാകുമായിരുന്നെന്നാണ് ഒരുവിഭാഗം അദ്ധ്യാപകരുടെ നിലപാട്. വിഷുവിനും റംസാനുമിടയിൽ പരീക്ഷകൾ വരുന്നത് കുട്ടികളുടെ പരീക്ഷയിൽ നിന്നുള്ള ശ്രദ്ധ പതറുമോ എന്നതും പ്രശ്നമാവുകയാണ്.

 കൊവിഡ് പ്രവചനാതീതം

തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തുമ്പോൾ കൊവിഡ് വ്യാപനം വർദ്ധിക്കുമോയെന്ന ഭയം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പ്രകടമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കിലും സാഹചര്യം പ്രവചിക്കാൻ കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

 ജെ.ഇ.ഇ പരീക്ഷയിൽ ആശങ്ക

മാറ്റിവച്ച ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിലാണ് എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ നടക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദേശീയ പ്രവേശന പരീക്ഷ എഴുതാനാകില്ല. ദേശീയ പ്രവേശന പരീക്ഷ എഴുതാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്ന രീതിയിൽ ഹയർ സെക്കൻഡറി പരീക്ഷകൾ പുന:ക്രമീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

 കുട്ടികൾക്ക് ദോഷകരം

തിരഞ്ഞെടുപ്പ് പരിശീലനവും പരീക്ഷയും ഒരുമിച്ചു കൊണ്ടു പോകാമായിരുന്നു. നിലവിലെ മാറ്റം പരീക്ഷഫലത്തെയും ബാധിക്കും. പഠിച്ച പാoങ്ങൾ കുട്ടികൾ മറക്കാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പ് അന്തരീക്ഷം കുട്ടികളെ മാനസികമായും ബാധിക്കും.

അനിൽ എം. ജോർജ്

ജനറൽ സെക്രട്ടറി

എച്ച്.എസ്.എസ്.ടി.എ