
കൊച്ചി: മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിമാരുൾപ്പെടെയുള്ള സാമാജികർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് സർക്കാർ ഹൈക്കോടതിയെ സമർപ്പിച്ചത്.
എം.എൽ.എമാർ മൗലികമായ കടമകൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. പൊതുസ്വത്ത് സംരക്ഷണവും സംഘർഷം ഒഴിവാക്കലും കടമകളിൽ ഉൾപ്പെടും. നിരീക്ഷണങ്ങൾ വിചാരണയ്‌ക്ക് ബാധകമാക്കരുത്. എം.എൽ.എമാരുടെ സ്വാതന്ത്ര്യവും സഭയുടെ അന്തസും സംരക്ഷിക്കാൻ ക്രിമിനൽ കേസുകളിൽ നിന്നുള്ള സംരക്ഷണവും ഇളവുകളും ബാധകമാക്കി വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
ധനമന്ത്രിയായിരുന്ന കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് തടഞ്ഞതാണ് 2015 മാർച്ച് 13ൽ സംഘർഷത്തിന് കാരണമായത്. എം.എൽ.എമാരായിരുന്ന കെ. അജിത്, ഇ.പി. ജയരാജൻ, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ.ടി. ജലീൽ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി.
സ്പീക്കറുടെ അനുമതിയില്ലാതെ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും അത് പിൻവലിക്കുന്നതാണ് പൊതുനീതിക്ക് ഉതകുന്നതെന്നും സർക്കാർ വാദിച്ചു. എന്നാൽ ഭരണഘടനയ്ക്കും സഭയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചാണ് എം.എൽ.എമാർക്ക് സഭയിലെ ഇടപെടലിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഇളവുകൾ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
എം.എൽ.എമാർക്ക് അനുവദിച്ച സംരക്ഷണത്തിന് അർഹതയുള്ള കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ല. സഭയുമായി ബന്ധപ്പെട്ടതല്ലാത്തതും നിയമപരമായി ഇളവനുവദിച്ചിട്ടില്ലാത്തതുമായ കുറ്റകൃത്യങ്ങൾ സാധാരണ പൗരൻ ചെയ്യുന്നതിന് തുല്യമാകും. നിയമസഭയ്ക്കകത്ത് നടന്നതിനാൽ കുറ്റകൃത്യമല്ലാതാവില്ല. കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിർദ്ദേശിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. ഇതേയാവശ്യമുന്നയിച്ച് പ്രതിയായ മുൻ എം.എൽ.എ കെ. അജിത് നൽകിയ ഹർജിയും കോടതി പരിഗണിച്ചു.
ഇടതുപക്ഷത്തിനേറ്റ പ്രഹരം: ചെന്നിത്തല
കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത് ഇടതു മുന്നണിയുടെ നെറികെട്ട രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരായ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എം.മാണിയെ അഴിമിതക്കാരനെന്ന് മുദ്റകുത്തി അദ്ദേഹത്തിന്റെ ബഡ്‌ജറ്റ് വതരണം മുടക്കുന്നതിനാണ് ഇടതു മുന്നണി നിയമസഭ അടിച്ചു പൊളിക്കുക എന്ന ഹീന കൃത്യത്തിന് മുതിർന്നത്. പിന്നീട് അതേ കെ.എം.മാണിയുടെ പാർട്ടിയെ തന്നെ അവർ മുന്നണിയിൽ സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി ആയിരുന്നില്ല ഇത്. ഈ നിലയിൽ നിന്നുകൊണ്ടാണ് കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് പിൻവലിക്കുന്നതിനെക്കുറിച്ച് ജോസ് കെ.മാണിക്ക് എന്താണ് പറയാനുള്ളതെന്ന്ചെന്നിത്തല ചോദിച്ചു.
നേമത്ത് പ്രചാരണായുധമാക്കാൻ ബി.ജെ.പി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിൽ കെ.എം. മാണി ധനകാര്യ മന്ത്രിയായിരിക്കേ ബഡ്ജറ്ര് അവതരണ വേളയിൽ പ്രതിപക്ഷ എം.എൽ.എ മാർ കൈയാങ്കളി നടത്തിയ കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാൻ ബി.ജെ.പി. കേസിൽ നേമം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയും പ്രതിയാണ്. ശിവൻകുട്ടി സ്പീക്കറുടെ വേദിയിലേക്ക് കയറുന്നതും പൊതുമുതൽ നശിപ്പിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇവരുടെ പേരിലുള്ള കേസ് പിൻവലിക്കാൻ സർക്കാർ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിക്കാത്തതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കൂടി കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ചതോടെ ഇപ്പോഴുള്ള മന്ത്രിമാരുൾപ്പെടെ വിചാരണ നേരിടേണ്ടിവരും.