കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ )സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ ) മൈ ബൈക്ക് സ്റ്റാർട്ട്അപ്പ് മിഷനുമായി ചേർന്ന് ഒരുക്കുന്ന അനുബന്ധ യാത്ര പദ്ധതിക്ക് ഇന്ന് തുടക്കമാകും. 1000 സൈക്കിളുകൾ ഉപയോഗിച്ചാണ് അനുബന്ധ യാത്ര സൗകര്യം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ മെട്രോ പാതയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലായി 300 സൈക്കിളുകൾ എത്തും. മണിക്കൂറിനു രണ്ടുരൂപ നിരക്കിൽ സൈക്കിൾ ഉപയോഗിക്കാം. പ്രത്യേക ആപ്പിലൂടെയാകും സേവനങ്ങൾ ലഭ്യമാകുക. ആദ്യ യാത്രയുടെ ഫ്ളാഗ് ഒഫ് രാവിലെ 7.30ന് ജെ .എൻ .എൽ സ്റ്റേഡിയം സ്റ്റേഷന് പരിസരത്തു നടക്കും.
പരിസ്ഥിതി സൗഹാർദ്ദ ഗതാഗതമാണ് ലക്ഷ്യമെന്ന് മൈബൈക്ക് സി.ഇ.ഒ അർജിത് സോണി പറഞ്ഞു. ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് വീട്ടിലോ ഓഫീസിലോ സൈക്കിൾ സൂക്ഷിക്കാമെന്നുള്ളതാണ് പദ്ധതിയുടെ ഏറ്റവും വലിയ മേൻമ. മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 60 ഇടങ്ങളാണ് സൈക്കിൾ പോയിന്റുകൾ.
എല്ലാ മെട്രോ സ്റ്റേഷനിലും ചുരുങ്ങിയത് ആറ് സൈക്കിളുണ്ടാകും.ഇതിനു പുറമെ കൊച്ചി സർവകലാശാല,ബോട്ട് ജെട്ടി, പനമ്പള്ളിനഗർ, കലൂർ സ്റ്റേഡിയം തുടങ്ങിയിടങ്ങളിൽ സൈക്കിൾ പോയിന്റുകളുണ്ടാകും.
സൈക്കിൾ കൂട്ടായ്മയുടെ ഭാഗമാകണമെങ്കിൽ ആദ്യം 500 രൂപ അടയ്ക്കണം. അംഗത്വം ഉപേക്ഷിക്കുന്ന സമയത്ത് പണം തിരികെ കിട്ടും.അംഗത്വമുൾപ്പെടെ മൈ ബൈക്ക് എന്ന ആപ്പിലൂടെ ലഭിക്കും.
ഇഷ്‌ടമുള്ള സ്ഥലത്തു നിന്ന് സൈക്കിളെടുക്കാം. സൈക്കിളിന്റെ നമ്പർ അറിയിച്ചാൽ ജി.പി.എസ് സംവിധാനത്തിലൂടെ അൺലോക്ക് ചെയ്ത് ലഭിക്കും.ഏതു സൈക്കിൾ പോയിന്റിലും തിരിച്ചുവയ്ക്കാം.ഒരു മണിക്കൂർ മുതൽ ഒരു മാസത്തേക്ക് വരെ സൈക്കിളെടുക്കാം.വഴിയിൽ കേടായാൽ അതറിയിക്കുന്നതിനും ആപ്പിൽ സംവിധാനമുണ്ട്.
ആഴ്ചയിലേക്ക് 199 രൂപ, ഒരു മാസത്തേക്ക് 499 രൂപയുമാണ് സൈക്കിൾ വാടക.
മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 60 സൈക്കിൾ പോയിന്റുകൾ
മണിക്കൂറിനു 2 രൂപ നിരക്ക്
ആഴ്ചയിലേക്ക് 199 രൂപ
ഒരു മാസത്തേക്ക് 499 രൂപ