കൂത്താട്ടുകുളം: വീടുകളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടന്ന് ഗുരുതരമായ ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഗ്ലാസ് മാലിന്യങ്ങൾ നീക്കംചെയ്ത് തിരുമാറാടി ഗ്രാമപഞ്ചായത്തിനെ ഗ്ലാസ് മാലിന്യ വിമുക്തമാക്കും.
തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം. 14ന് രാവിലെ 9 മുതൽ 12 മണി വരെയാണ് ശേഖരണം.
ഇവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും റീ സൈക്ലിംഗ് യൂണിറ്റിന് കൈമാറും. പഞ്ചായത്തിലെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 55 കേന്ദ്രങ്ങളിൽ ഇവ ശേഖരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമളും വൈസ് പ്രസിഡന്റ് എം.എം. ജോർജും അറിയിച്ചു.