court

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച തുടർനടപടികളിലെ സ്റ്റേ ഏപ്രിൽ എട്ട് വരെ ഹൈക്കോടതി നീട്ടി. ഹർജി തീർപ്പാകുംവരെ കോടതിയുടെ അംഗീകാരമില്ലാതെ സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കുകയോ നടപ്പാക്കുകയോ ചെയ്യരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

സി ഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി നാലിലെ ഉത്തരവുൾപ്പെടെ 10 സ്ഥാപനങ്ങളിലേക്കുള്ള സ്ഥിര നിയമന നടപടികൾ ചോദ്യം ചെയ്ത് അടൂർ സ്വദേശി എസ്. വിഷ്ണു ഉൾപ്പെടെ ആറ് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

സ്‌പെഷ്യൽ റൂൾസ് പ്രകാരമാണോ ഉത്തരവിറക്കിയതെന്ന് ഉൾപ്പെടെ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ എതിർ കക്ഷികളായ സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
സി ഡിറ്റിന് പുറമെ കെൽട്രോൺ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, കെ ബിപ്, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സ്‌കോൾ കേരള, ഹോർട്ടികോർപ്പ്, വനിതാ കമ്മിഷൻ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റൽ സെന്റർ എന്നിവയിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹർജിയിൽ ചോദ്യം ചെയ്തത്.

സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന ഉമാദേവി കേസിലെ സുപ്രീംകോടതി ഉത്തരവ് ഉന്നയിച്ചാണ് ഹർജിക്കാരുടെ വാദം.

സുപ്രീംകോടതിയുടെ മുൻ ഉത്തരവിന് വിരുദ്ധമായി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കഴിഞ്ഞദിവസം മറ്റൊരു ഹർജിയിൽ ഡിവിഷൻ ബെഞ്ച് തടഞ്ഞതായി ഹർജിക്കാർ അറിയിച്ചു. താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കും മുൻപ് അതിനാധാരമായ വസ്തുതകൾ സർക്കാർ പരിശോധിച്ച് ഉറപ്പുവരുത്തിയോയെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശിച്ചു.