ഫോർട്ട്കൊച്ചി: കൊച്ചിയുടെ പച്ചപ്പിന്റെ അടയാളമായ മഴമരങ്ങൾക്ക് കൂട്ടായ്മ ഒരുങ്ങുന്നു. നൻമ മരങ്ങൾക്ക് ഒരു കൈയൊപ്പ് എന്ന പേരിലാണ് കൂട്ടായ്മ വരുന്നത്. പൈതൃകനഗരിയിലെ കുളിർകാഴ്ചകളാണ് കുട പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന തണൽമരങ്ങൾ. ബ്രിട്ടീഷ് കാലഘട്ടങ്ങളിൽ വഴിയോരങ്ങളിൽ നട്ടുപിടിപ്പിച്ച മരങ്ങൾക്ക് പഴമയും പ്രകൃതി രമണീയതയും ജനങ്ങളുടെ കരുതലുമുണ്ട്. ചെറു പ്രാണികൾ മുതൽ വൻപക്ഷികൾ ഉൾപ്പടെ മുന്നൂറിലേറെ ജീവ ജാലകങ്ങൾക്ക് ഭക്ഷണവാസ സംരക്ഷിത ജീവന സൗകര്യമേർപ്പെടുത്തുന്നവയാണ് ഈ മഴമരങ്ങളെന്നാണ് പക്ഷി ഗവേഷണ മേഖലയിലുള്ളവർ പറയുന്നത്. ഫോർട്ടുകൊച്ചി മുതൽ തീരദേശം വരെ വിശ്രമ മൈതാനികളിലും വളർന്ന് പന്തലിച്ച് നിൽക്കുന്ന അധികാരികളുടെ അവഗണനയിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. പടർന്ന് പന്തലിക്കുന്ന ചിതൽപ്പുറ്റുകളും വികസനത്തിന്റെ മറവിലുള്ള വേരറുക്കലും മഴ മരങ്ങളുടെ മരണമണി വിളിച്ചോതുകയാണ്. പ്രകൃതിസംരക്ഷണത്തോടൊപ്പം മഴമരങ്ങളുടെ നിലനിൽപ്പും ലക്ഷ്യമാക്കി നാഷണൽ ഓപ്പൺ ഫോറത്തിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ ഒരുക്കുന്നത്. ഞായറാഴ്ച രാവിലെ 10ന് ഫോർട്ടുകൊച്ചി വെളി മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രകൃതി സ്നേഹികൾ, മഴമര സ്നേഹികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.