pv

കൊച്ചി: ഭൂപരിഷ്‌കരണനിയമം അനുവദിക്കുന്നതിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നതിന് പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന ഉത്തരവ് നാലു വർഷമായിട്ടും നടപ്പാക്കിയില്ലെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

2017 ഡിസംബർ 19 ലെ സംസ്ഥാന താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം ചേലേമ്പ്രയിലെ കെ.വി. ഷാജി സമർപ്പിച്ച ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. അധികഭൂമിയുടെ പേരിൽ ഭൂപരിഷ്‌കരണ നിയമപ്രകാരം കേസെടുക്കണമെന്ന താലൂക്ക് ലാൻഡ് ബോർഡിന്റെ നിർദേശം നടപ്പാക്കാനും മിച്ചഭൂമി പിടിച്ചെടുക്കാനും ഉത്തരവിടണമെന്നാണ് ആവശ്യം.

ഭൂപരിഷ്‌കരണനിയമത്തിലെ 87 (1) വകുപ്പ് ലംഘിച്ച് പി.വി.അൻവർ അധികഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് താലൂക്ക് ലാൻഡ് ബോർഡും മലപ്പുറം ജില്ലാ കളക്ടറും കണ്ടെത്തിയിരുന്നു. താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനോടാണ് കേസെടുക്കാൻ നിർദേശിച്ചത്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള വ്യക്തിയാണ് പി.വി. അൻവർ. കോടതിയുടെ ഇടപെടലുണ്ടായില്ലെങ്കിൽ കുറ്റക്കാർ രക്ഷപ്പെടുമെന്നും തന്നെപ്പോലുള്ളവർ ഭൂരഹിതരായി തുടരുമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.