a
എൽഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫ് രായമംഗലത്ത് ഗ്ലൗസ് ഫാക്ടറി തൊഴിലാളികളോടൊപ്പം

കുറുപ്പംപടി: 2016ൽ ഇടതുമുന്നണിക്ക് നഷ്‌ടമായ പെരുമ്പാവൂർ തിരിച്ചുപിടിക്കാൻ ശക്തമായ പ്രചാരണവുമായി ഇടതുമുന്നണി സ്ഥാനാർത്ഥി ബാബു ജോസഫ്. എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. കുറുപ്പുംപടി വിക്ടർ സർജിക്കൽസിൽ വോട്ട് തേടിയെത്തിയ അദ്ദേഹത്തിന് സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ വലിയ സ്വീകരണമാണ് നൽകിയത്. ഇടതുമുന്നണിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പാക്കും വിധത്തിലുള്ള കുറ്റമറ്റ പ്രചാരണമാണ് കേരളാകോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത്. പെരുമ്പാവൂർ മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതമായ ബാബു ജോസഫിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി.

അരനൂറ്റാണ്ടോളമായി പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിദ്ധ്യമാണ് ബാബു ജോസഫ്. പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ, സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ,സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ഡയറക്ടർ, സംസ്ഥാന കാർഷിക വികസനബാങ്ക് പ്രതിനിധി,നദീതീര മണൽവാരൽ വിദഗ്‌ദ്ധസമിതി അംഗം , ജില്ലാ ആസൂത്രണ സമതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ബാബു ജോസഫ് പെരുമ്പാവൂരുകാർക്കും സുപരിചിതൻ. ബാബു ജോസഫിന്റെ കാലത്താണ് ‘കാരുണ്യ ചികിത്സ’ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തു ആരംഭിച്ചത്. ഇതെല്ലം തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നേട്ടമാകുമെന്നാണ് മുന്നണിയുടെയും പാർട്ടിയുടെയും വിശ്വാസം.