
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് പകരം മകൻ അബ്ദുൽ ഗഫൂർ കളമശേരിയിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ജില്ലയിലെ പാർട്ടി ഘടകങ്ങൾ സ്ഥാനാർത്ഥിക്കായി സജീവമാകുമോ? ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും പാർട്ടി നേതൃത്വത്തെ ശക്തമായ എതിർപ്പറിയിച്ചിട്ടും സംസ്ഥാന നേതൃത്വം ഇബ്രാഹിം കുഞ്ഞിനൊപ്പം നിന്നു. ഇന്നലെയും ജില്ലയിലെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ 15 അംഗ സംഘം ഇബ്രാഹിം കുഞ്ഞിനും മകനും സീറ്റ് നൽകരുതെന്ന ആവശ്യവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവരെ കണ്ടെങ്കിലും നേതൃത്വം അവരുടെ ആവശ്യം അംഗീകരിച്ചില്ല. ജില്ലയിലെ ഇബ്രാഹിം കുഞ്ഞിന്റെ എതിർ ഗ്രൂപ്പ് നേതാവായ സിറ്റിംഗ് എം.എൽ.എ ടി.എ.അഹമ്മദ് കബീറിനും സീറ്റില്ല.
എതിർപ്പറിയിച്ചവർ പ്രചാരണത്തിനിറങ്ങുമോ?
മണ്ഡലം കമ്മിറ്റിയിലെ ഒമ്പത് ഭാരവാഹികളും ജില്ലാ നേതൃത്വത്തിലെ 11 പേരുമാണ് ഇബ്രാഹിംകുഞ്ഞും മകനും വേണ്ടെന്ന നിലപാടെടുത്തിരുന്നത്. ഇവരൊക്കെ വി.എ.അബ്ദുൾ ഗഫൂറിന് വേണ്ടി പ്രചാരണത്തിനിറങ്ങുമോ? ഈ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു. തീർച്ചയായും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.