കൊച്ചി: ലക്ഷ്യം പണം മാത്രം. മറയാക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് ഫേക്ക് ഐ.ഡി. നീണ്ട ഇടവേളയ്ക്ക് ശേഷം രംഗത്തെത്തിയ സൈബർ തട്ടിപ്പ് സംഘത്തെ വലയിലാക്കാനാൻ ഒരുങ്ങി പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഘത്തെക്കുറിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അസാം സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ജയ്പൂരിലെ ബാങ്ക് അക്കൗണ്ടാണ് ഇവർ ഉപയോഗിക്കുന്നതെന്നും വിവരമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പണത്തിനായി മെസേജ്
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ പേരും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽ കുമാറിന്റെ പേരിലാണ് ഒടുവിൽ ഫേക്ക് ഐ.ഡിയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചത്. നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും, സുഹൃത്തുക്കളായ ശേഷം ചാറ്റ് ചെയ്ത് പണം കടമായി ആവശ്യപ്പെടുകയുമാണ് സംഘം ചെയ്യുന്നത്. പണം വളരെ അത്യാവശ്യമാണെന്ന് പറഞ്ഞാണ് സന്ദേശം. താൽപര്യം നൽകുന്നവർക്ക് ഗൂഗിൾ പേ നമ്പറും നൽകും. പൊലീസുദ്യോഗസ്ഥർക്ക് തന്നെ ഇത്തരം സന്ദേശങ്ങൾ എത്തിയതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.
ഐ.പി.എസുകാരെയും വിട്ടില്ല
ഐ.പി.എസ്. ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ് കൗശലിന്റെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളം റൂറൽ ജില്ലയിലെ നാർകോട്ടിക് ഡിവൈ.എസ്.പിയുടെ പേരിലും സമാനമായി തട്ടിപ്പിന് ശ്രമമുണ്ടായി. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് വിശദമായ അന്വേഷണം നടത്തിയ പൊലീസ് പിന്നിൽ നൈജീരിയൻ സംഘത്തിന്റെ ബന്ധമാണ് സംശയിച്ചിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചതോടെ സംഘം ഉൾവലിഞ്ഞു.