
കോലഞ്ചേരി: വോട്ടഭ്യർത്ഥനയും, പ്രചാരണ നോട്ടീസും വീടുകളിലെത്തിച്ച് വോട്ട് നിലയെ കുറിച്ച് ഏകദേശ കണക്കും നല്കി തിരഞ്ഞെടുപ്പ് കാലത്ത് തടിയൂരിയിരുന്ന സി.പി.എം പ്രവർത്തകർ ഇക്കുറി കുടുങ്ങും. ആ പണി ഇനി നടക്കില്ല. ഓരോ വീടുകളിലുമെത്തി ആളുകളെ നേരിൽ കണ്ടാൽ മാത്രമേ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു നൽകിയ ആപ്ലിക്കേഷനിലെ വിവരശേഖരണം പൂർത്തിയാവുകയുള്ളൂ. ഇത് നിയന്ത്റിക്കുന്നത് സംസ്ഥാന കമ്മിറ്റിയായതിനാൽ പണിയെടുക്കാതിരുന്നാൽ പാർട്ടി അംഗത്വം പോകുമെന്നുറപ്പ്. തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളെ കടത്തി വെട്ടിയാണ് സി.പി.എം പ്രചാരണം ഹൈടെക് ആക്കിയത്. ബൂത്ത് സെക്രട്ടറിമാർക്ക് പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ വഴിയാണ് ഓരോ വീടുകളുടേയും വിവരശേഖരണം നടത്തുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച തന്ത്റമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പിലും പ്രാവർത്തികമാക്കുന്നത്. കൂടാതെ ഒരു പാർട്ടി അംഗത്തിന് ഒരു ബൂത്തിലെ പത്ത് വീടുകളുടെ ചുമതല നൽകി. ആ വീടുകളിലേയ്ക്കുള്ള പ്രചാരണ സാമഗ്രികൾ ചുമതലയുള്ള അംഗം നേരിട്ടെത്തിക്കണം. ആ വീട്ടുകാരെ ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങൾ കൃത്യമായി കൈമാറുകയും വേണം.