cash

കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലത്തെ യാത്രകൾക്കിടയിൽ പണം കൈയിൽ കരുതുന്നവർ 'പണി"യെ സൂക്ഷിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതപണം കണ്ടെത്തുന്നതിന് സ്‌ക്വാഡ് പണി തുടങ്ങിക്കഴിഞ്ഞു. പണത്തിന്റെ ഉറവിടം കൈയിൽ കരുതാതെ പണം കൊണ്ടു നടക്കരുതെന്ന് സാരം. ഇത്തരത്തിൽ രേഖകളില്ലാതെ കൈയ്യിൽ സൂക്ഷിക്കുന്ന പണം പിടിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. 50,000 വരെയുള്ള തുകയ്ക്ക് ഉറവിടം പരിശോധകർക്കു മുന്നിൽ വ്യക്തമാക്കണം. അതിനു മുകളിലായാൽ എവിടെ നിന്ന്, എന്തിന്, ആരു മുഖേന, എപ്പോൾ ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. ഇതിനായി രസീതുകളും ബില്ലുകളും പണം പിൻവലിച്ച രേഖകളും കൈയിൽ കരുതേണ്ടതുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ പിടിച്ചെടുക്കുന്ന പണം ആദായ നികുതി വകുപ്പിന് കൈമാറും. ഈ തുക ട്രഷറിയിലടയ്ക്കും. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ തുക തിരികേ ലഭിക്കൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 7 ദിവസം കഴിഞ്ഞ് മാത്രമാണ് പണത്തെ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്കായി പരിഗണിക്കൂ. അതായത് ഒരിക്കൽ പിടിച്ചു പോയാൽ കൃത്യമായ രേഖയുള്ള പണമാണെങ്കിൽ കൂടി തിരിച്ചു കിട്ടാൻ കാലതാമസമെടുക്കുമെന്ന് ചുരുക്കം.