hc

കൊച്ചി: പ്രത്യേക പരിരക്ഷ വേണ്ട കുട്ടികൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാതലങ്ങളിൽ ചേരുന്ന മെഡിക്കൽബോർഡ് യോഗങ്ങൾ താലൂക്ക് തലത്തിലേക്ക് മാറ്റണമെന്ന ആവശ്യം പരിശോധിച്ചു വിശദീകരണപത്രിക നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇൗ കുട്ടികൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ അനിവാര്യമായ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാൻ മെഡിക്കൽ ബോർഡുകൾക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തിവച്ചിരുന്ന മെഡിക്കൽ ബോർഡ് യോഗങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ പുനരാരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടികളുമായി ജില്ലാ കേന്ദ്രങ്ങളിലേക്കെത്താൻ ബുദ്ധിമുട്ടുണ്ടെന്നും താലൂക്ക് തലങ്ങളിൽ മെഡിക്കൽ ബോർഡ് യോഗങ്ങൾ നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. താലൂക്ക് കേന്ദ്രങ്ങളിൽ നിശ്ചിതദിവസം സ്പെഷ്യൽഡ്രൈവ് നടത്തിയാലും കുട്ടികളുമായെത്തി സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയുമെന്നു ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.