flux-

കൊച്ചി: അച്ഛന്റെ ഐഡിയ, മകന്റെ ഡിസൈൻ. ഈ കൂട്ടുകെട്ടിൽ പിറന്നതാകട്ടെ ആരെയും ആകർഷിക്കുന്ന ചുവരെഴുത്തുകൾ. 2016 മുതൽ ട്രെൻഡിംഗായ പ്രിന്റിംഗ് സ്റ്റൈൽ കേരളത്തിലെ മതിലുകളിൽ വീണ്ടും തെളിയുമ്പോൾ ചുവരെഴുത്തിന് പിന്നിലെ താരങ്ങൾക്ക് ഇത്തവണ നിന്ന് തിരിയാൻ സമയമില്ല. ആലുവ സ്വദേശി ബേബി പീറ്ററും മകൻ രാഹുൽ തോമസുമാണ് വോട്ടർമാരുടെ മനസ് കീഴടക്കിയ കലാകാരന്മാർ.

രണ്ടരപതിറ്റാണ്ടായി ചുവരെഴുത്ത് രംഗത്ത് സജീവമാണ് ബേബി. പരീക്ഷണങ്ങളുടെ ആശാനുമാണ് കക്ഷി. കഴിഞ്ഞ തവണയാണ് ഫ്ലെക്സ് പ്രിന്റ് കൂടി സംയോജിപ്പിക്കാനുള്ള ആശയം മകനുമായി പങ്കുവച്ചത്. ഗ്രാഫിക് ഡിസൈനർ കൂടിയായ രാഹുൽ ഡബിൾ ഓക്കെ പറഞ്ഞതോടെ വി.ഡി സതീശനായി പറവൂരിൽ ആദ്യ ചുവരെഴുത്ത് പിറന്നു. മുഖചിത്രം ഫ്ളക്സിലെടുത്ത് ഒട്ടിച്ച് അക്ഷരങ്ങൾ എഴുതിഫലിപ്പിക്കുന്നതായിരുന്നു ടെക്നിക്ക്. റേറ്റ് കൂടുതലാണെങ്കിലും സംഭവം ക്ലിക്കായതോടെ ബേബിയെയും മകനെയും രാഷ്ട്രീയക്കാർ പിടുത്തമിട്ടു. ആ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മുതൽ എറണാകുളം വരെ ചുവരെഴുതി. തിരുവനന്തപുരത്ത് നിന്നുവരെ വിളിവന്നു. നിന്ന് തിരിയാൻ ടൈം കിട്ടിയില്ല. അതുകൊണ്ട് തെക്കോട്ട് പോയില്ല. ബേബി ചിരിച്ചുകൊണ്ട് പറഞ്ഞു.

കാൽനൂറ്റാണ്ടായി ചുവരുകളും ബേബിയുമായുള്ള ബന്ധം തുടങ്ങിയിട്ട്. ആലുവ യു.സി കോളേജിലെ ഇടത് വിദ്യാർത്ഥി നേതാവായിരിക്കെയാണ് എഴുത്തിലേക്ക് തിരിയുന്നത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും അത് വിട്ടില്ല. ആലുവയിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു.

പറവൂരിൽ വി.ഡി സതീശനും ആലുവയിൽ അൻവർ സാദത്തിനും കളമശേരിയിൽ പി.രാജീവിനുമായി തിരക്കിലാണ് ഇത്തവണ ബേബി. 300 ഓളം മതിലുകളിൽ ചിഹ്നം വരച്ചുകഴിഞ്ഞു. ഉള്ളിൽ രാഷ്ട്രീയമുണ്ടെങ്കിലും താൻ ചുവരെഴുതുന്ന സ്ഥാനാർത്ഥി വിജയിക്കണമെന്നതാണ് ബേബിയുടെ ആഗ്രഹം. രാജേഷ് കോട്ടപ്പുറമാണ് ബേബിയുടെ സന്തതസഹചാരി.

 രാവിലെ മുതൽ പാതിരവരെ നീളും ചുവരെഴുത്ത്. ഇത്തവണയും നല്ലതിരക്കാണ്. എല്ലാ ജില്ലകളിൽ നിന്നും വിളിയെത്തിയിട്ടുണ്ട്.
ബേബി പീറ്റർ

ആലുവ