കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലം ജ്യോത്സ്യന്മാർക്കും ശുഭകാലം. കലികാലമാണോ എന്നറിയാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും ബന്ധുക്കളുമുൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും പത്രികാ സമർപ്പണത്തിന് നല്ലസമയം നോക്കിനടപ്പാണ്. 'അധികം പബ്ലിസിറ്റി വേണ്ട, ആരോടും പറയേണ്ട' എന്നൊക്കെ പറഞ്ഞാണ് പലരും ജ്യോത്സ്യന്മാരെ കാണാനെത്തുന്നത്. പത്രികാ സമർപ്പണം 19 വരെയാണ്. ഇനി അതിനിടയിൽ ഏറ്റവും നല്ല ദിവസം ഏതെന്ന് അറിയാനാണ് പലർക്കും താത്പര്യം.സ്ഥാനാർത്ഥികളുടെ നക്ഷത്രം നോക്കി ജ്യോതിഷികൾ ദിവസം കുറിച്ചുനൽകും. ഒന്നിലധികം ജ്യോത്സ്യന്മാരെക്കണ്ട് തീയതി കൃത്യമാക്കുന്നവരുമുണ്ടത്രെ. പത്രികാ സമർപ്പണദിനം കൃത്യമായി കിട്ടിക്കഴിഞ്ഞാൽ പിന്നെ അറിയേണ്ടത് 'തടസങ്ങളൊന്നുമില്ലല്ലോ?' എന്നാണ്. എന്തായാലും കാര്യങ്ങൾ അനുകൂലമാകണമെങ്കിൽ വോട്ടർമാർ കനിയണമെന്ന് മാത്രം.