hc

കൊച്ചി : പോപ്പുലർ ഫിനാൻസിയേഴ്സ് തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം ഇഴയുകയാണെന്നും മൂന്നു മാസമായി മൂന്നു സാക്ഷികളെ മാത്രമാണ് ചോദ്യം ചെയ്തതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രണ്ടും നാലും അഞ്ചും പ്രതികളായ പ്രഭ തോമസ്, ഡോ. റീബ മേരി തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇതുപറഞ്ഞത്.

മുപ്പതിനായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി 1,600 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ മതിയായതല്ലെന്നും രാജ്യത്തിന്റെ പലഭാഗത്തായി ശാഖകളുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജർമാരെയും സ്വാധീനിക്കാൻ പ്രതികൾക്ക് കഴിയുമെന്നുമായിരുന്നു സി.ബി.ഐയുടെ വാദം.

2020 നവംബർ 23 നാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മൂന്നു മാസം കഴിഞ്ഞിട്ടും മൂന്നു സാക്ഷികളെ മാത്രമാണ് ഇതുവരെ ചോദ്യം ചെയ്തതെന്നും സിംഗിൾ ബെഞ്ച് വസ്തുതകൾ ചൂണ്ടിക്കാട്ടി വിമർശിച്ചു. ആറുമാസത്തിലേറെ തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. അന്വേഷണത്തെ ബാധിക്കാത്ത തരത്തിൽ കർശന ഉപാധികളോടെയാണ് ജാമ്യം. ഇവരെ വീണ്ടും തടവിലാക്കുന്നത് വിചാരണ നടത്താതെ ശിക്ഷിക്കുന്നതിനു സമാനമാകുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.