shelna-

ആലുവ: ആലുവയിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ആലുവ ജനറൽ മാർക്കറ്റ് നിർമ്മാണത്തിനായിരിക്കും മുൻഗണനയെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് പറഞ്ഞു.

ആലുവ മീഡിയ ക്ളബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇഴഞ്ഞുനീങ്ങുന്ന സീപോർട്ട് - എയർപോർട്ട് റോഡിന്റെ പൂർത്തീകരണത്തിനും മുന്നിലുണ്ടാകും. അപ്രതീക്ഷിതമായാണ് ഇടത് സ്ഥാനാർത്ഥിയായത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോഴേ എസ്.എഫ്.ഐയുമായി ബന്ധമുണ്ട്. ഭർതൃപിതാവ് കെ. മുഹമ്മദാലി കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്നപ്പോഴും തന്റെ മനസിൽ ഇടത് പക്ഷത്തിനായിരുന്നു സ്ഥാനം. വ്യക്തി എന്ന നിലയിൽ എല്ലാ സ്വാതന്ത്ര്യവും ഭർത്താവും ഭർതൃപിതാവും നൽകിയിരുന്നു. അതിനാലാണ് ഇടത് സ്ഥാനാർത്ഥിയാകാനുള്ള നിർദ്ദേശം വന്നപ്പോൾ അവഗണിക്കാതിരുന്നത്.

കെ. മുഹമ്മദാലിയുടെ എല്ലാ അനുഗ്രഹവും തനിക്കുണ്ട്. തനിക്കു വേണ്ടി പ്രചാരണത്തിനിറങ്ങണമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം ആലുവ എം.എൽ.എ ആയിരുന്ന കാലത്ത് ഒട്ടേറെ വികസനങ്ങൾ നടന്നു. കഴിഞ്ഞ പത്ത് വർഷമായി ആലുവയിൽ വികസനമൊന്നും ഉണ്ടായിട്ടില്ല.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും റോഡുകളുടെ നിലവാരം ഉയർത്തി വികസിപ്പിക്കുന്നതിനും സമഗ്രമായ പദ്ധതി നടപ്പാക്കുമെന്നും ഷെൽന പറഞ്ഞു.

ജി.സി.ഡി.എ ചെയർമാൻ വി. സലീം, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

താമസം ആലുവയിൽ തന്നെ

താൻ ബംഗളൂരുവിലാണ് താമസിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്ന് ആലുവയിലെ ഇടത് സ്ഥാനാർത്ഥി ഷെൽന നിഷാദ് പറഞ്ഞു. പത്ത് വർഷത്തിനിടയിൽ രണ്ട് വർഷം മാത്രമാണ് ജോലി സംബന്ധമായി കുടുംബ സമേതം ബംഗളൂരുവിൽ താമസിച്ചത്. പിന്നീട് കുറച്ചുനാൾ എറണാകുളത്തായിരുന്നു. ഇപ്പോൾ ആലുവയിലാണ് താമസമെന്നും ഷെൽന പറഞ്ഞു.