
കൊച്ചി: കാൽ നൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗ് വനിതയെ മത്സര രംഗത്തിറക്കുമ്പോൾ, വനിതകളെ സ്ഥാനാർത്ഥികളാക്കരുതെന്ന നിലപാടിലുറച്ച് സമസ്ത. എക്കാലത്തെയും വോട്ടു ബാങ്കായ ഇ.കെ വിഭാഗം സമസ്തയുടെ നിലപാട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് പാരയാവുമോയെന്ന ഭയപ്പാടിലാണ് ലീഗ് നേതൃത്വം. സമസ്തയുടെ എതിർപ്പ് നിലനിൽക്കെ നൂർബിന റഷീദിനെ കോഴിക്കോട് സൗത്തിലെ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു.
ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ അനിവാര്യഘട്ടത്തിലേ പൊതുമണ്ഡലത്തിൽ ഇറങ്ങാവൂയെന്നും മറിച്ച് ലീഗ് തീരുമാനിച്ചാൽ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും സമസ്തനേതാവ് അബ്ദുസമദ് പൂക്കോട്ടൂർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് പറഞ്ഞിരുന്നു.
ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന്
അബ്ദുസമദ് പൂക്കോട്ടൂർ ഇന്നലെ ആവർത്തിച്ചു. അത് കാലങ്ങളായി സമസ്തയുടെ നയമാണ്. സ്ഥാനാർത്ഥിയെ നിറുത്തിയതിൽ ലീഗ് നേതൃത്വവുമായി ഒരു ധാരണയുമില്ല. ആർക്ക് വോട്ടു ചെയ്യണമെന്ന് സമസ്ത പറയാറില്ല. അതൊക്കെ സമസ്ത അംഗങ്ങൾക്ക് തീരുമാനിക്കാം.
'സാമൂഹ്യ സമ്മർദ്ദത്തിലൂടെയാണ് ഈ അവസരം കൈവന്നത്. ഇത് അഭിമാനപൂർവം കാത്തുസൂക്ഷിക്കും. സമസ്തയുടെ നിലപാടൊന്നും പ്രശ്നമാകില്ല. പാർട്ടി നേതൃത്വം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്".
- നൂർബിന റഷീദ്, ലീഗ് സ്ഥാനാർത്ഥി