കൊച്ചി: സ്ഥാനം തെറ്റിയ ആന്തരിക അവയവങ്ങളുമായി പിറന്നുവീണ പിഞ്ചോമനയ്ക്ക് ആസ്റ്റർ മെഡ്സിറ്റിയിലെ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കരൾ ഇടതുഭാഗത്ത്, കുടലും ഹൃദയവും വലത് വശത്ത് എന്നിങ്ങനെ സാധാരണയിൽ നിന്ന് വ്യത്യസ്തമായ അപൂർവമായ ഈ അവസ്ഥയെ സൈറ്റസ് ഇൻവേഴ്‌സസ് വിത്ത് ഡെക്‌സ്‌ട്രോകാർഡിയ എന്നാണ് ആരോഗ്യമേഖല വിശേഷിപ്പിക്കുന്നത്. ശിശുവിന്റെ ഹൃദയത്തിന്റെ ആന്തരികഭിത്തിയിൽ നിരവധി ദ്വാരങ്ങളും ഉണ്ടായിരുന്നു. പ്രസവിച്ച് വെറും ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിലാണ് ഈ സങ്കീർണതകൾ കണ്ടത്. ചുണ്ടിൽ നീല നിറം കണ്ടതിനെ തുടർന്ന് നടത്തിയ ഇക്കോ ടെസ്റ്റിൽ അതിസങ്കീർണ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതോടെ പാലക്കാട്ടെ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഹൃദയത്തിൽ അടിയന്തരമായി പേസ്‌മേക്കർ ഘടിപ്പിക്കുകയായിരുന്നു ഏക പോംവഴിയെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാൻ പറഞ്ഞു. പീഡിയാട്രിക് കാർഡിയോവാസ്‌കുലർ ആൻഡ് തൊറാസിക് സർജൻ ഡോ. സാജൻ കോശിയുടെ നേതൃത്വത്തിൽ പീഡിയാട്രിക് കാർഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടർമാർ, അനസ്‌തേഷ്യ ടീം എന്നിവർ അടങ്ങുന്ന സംഘം ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പേസ്‌മേക്കർ ഘടിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ഹൃദയതാളം സാധാരണനിലയിലായി. അടുത്ത ദിവസം മുതൽ മുലപ്പാൽ കുടിച്ച് തുടങ്ങി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിന്റെ മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടർ ചികിത്സകൾ ആവശ്യമാണെന്നും മൂന്ന് മാസം പ്രായമാകുമ്പോൾ മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോ. അമിതോസ് സിംഗ് പറഞ്ഞു.