കൊച്ചി : മാലിന്യ സംസ്‌കരണത്തിന് കേരളത്തിന് മുഴുവൻ മാതൃകയാക്കാവുന്ന പുത്തൻ രീതിയുമായി കൊച്ചി കോർപ്പറേഷനിലെ 44-ാം ഡിവിഷനും ഗ്രീൻ കൊച്ചി മിഷനും. 2020ൽ ഫോർട്ട് കൊച്ചി കാർണിവൽ പ്രദേശം ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്രീൻ കൊച്ചി മിഷൻ ഇക്കുറി 44ാം ഡിവിഷനിൽ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനും, ഖരമാലിന്യങ്ങൾ 18 ഇനമായി തരം തിരിച്ച് ശേഖരിച്ച് പുനരുപയോഗത്തിന് നൽകുന്നതിനുമായി നൂതന ആശയവുമായി രംഗത്തെത്തിയത്.
ഡിവിഷനിലെ 24 റസിഡൻസ് അസ്സോസിയേഷനുകളും അണിനിരന്ന മഹായജ്ഞം ഗ്രീൻകൊച്ചി മിഷൻ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം, ഐ.എം.എ പ്രസിഡന്റ് ഡോ.ടി.വി. രവി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളായ എ.കെ. അബു, അബ്ദുൾ ക്വുത്തിഷ്, പി.എ. സൈനുദീൻ, ഷില്ലി ഷെറി എന്നിവരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽ കുമാർ, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ, ട്രഷറർ ഡോ. ജോർജ് തുകലൻ, വൈസ് പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുൻ പ്രസിഡന്റ് ഡോ.എം.ഐ ജുനൈദ് റഹ്മാൻ, ഗ്രീൻകൊച്ചി മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.പി. പ്രദീപ്, മാലിന്യ സംസ്‌കരണ കമ്പനിയായ ഇക്കോവി സീനിയർ പ്രോജക്ട് കോ-ഓർഡിനേറ്റർ താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.