ആലുവ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നീട്ടിവെച്ചതിൽ കെ.പി.എസ്.ടി.എ ആലുവ ഉപജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. മോഡൽ പരീക്ഷയും കഴിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയപ്പോഴാണ് പരീക്ഷ മാറ്റിവെക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് രൂക്ഷമാകാൻ സാദ്ധ്യതയുള്ള സമയമാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ള ഏപ്രിൽ എട്ട്. ആയിരക്കണക്കിന് വോട്ടർമാർ വന്നുപോകുന്ന പോളിംഗ് കേന്ദ്രങ്ങളായ സ്‌കൂളുകളിൽ തൊട്ടടുത്ത ദിവസം തന്നെ കുട്ടികൾ പരീക്ഷയ്ക്കെത്തുന്നത് ആശങ്ക സൃഷ്ടിക്കും. മാത്രമല്ല അദ്ധ്യാപകർ തിരഞ്ഞെടുപ്പ് ജോലിക്കുശേഷം പരീക്ഷാഡ്യൂട്ടിക്കെത്തുന്നതും കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയാണെന്നും കമ്മിറ്റി വിലയിരുത്തി. ഉപജില്ലാ പ്രസിഡന്റ് പ്രീതിമോൾ അദ്ധ്യഷത വഹിച്ചു. ഷക്കീല ബീവി, മാർട്ടിൻ ജോസഫ്, ബാലകൃഷ്ണൻ കതിരൂർ, ടി.എ. മുരളി എന്നിവർ സംസാരിച്ചു.