
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമന്നെ മുന്നറിയിപ്പുമായി ഡി.സി.സി ജനറൽ സെക്രട്ടറിമാരടക്കമുള്ള നേതാക്കൾ രംഗത്തെത്തി.
ബാബു അല്ലാതെ മറ്റൊരാളാണ് സ്ഥാനാർത്ഥിയെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തങ്ങളുണ്ടാകില്ലെന്ന് ഡി.സി.സി ജന. സെക്രട്ടറി ആർ.വേണുഗോപാൽ പറഞ്ഞു. തൃപ്പൂണിത്തുറ സീറ്റ് തിരിച്ച് പിടിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി കെ.ബാബുവാണ്.
കഴിഞ്ഞ കാലങ്ങളിലത്രയും മണ്ഡലത്തിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ പൊതുജനസ്വീകാര്യത വളരെ വലുതാണ്.
ജില്ലയിലെ ശക്തമായ സി.പി.എം കോട്ടയാണ് തൃപ്പൂണിത്തുറ. അവിടുത്തെ നിലവിലെ പൊതുവികാരം സിറ്റിംഗ് എം.എൽ.എ എം.സ്വരാജിന് എതിരാണ്. ശബരിമലയുൾപ്പെടെയുള്ള വിഷയങ്ങളിൽ എം.എൽ.എയുടെ നിലപാടിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നുറപ്പാണ്. ബി.ജെ.പി തൃപ്പൂണിത്തുറയിൽ ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. നഗരസഭയിൽ 30 ശതമാനമാണ് അവരുടെ നിലവിലെ വളർച്ച. നിയോജക മണ്ഡലത്തിൽ പരിചിതനല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയാൽ യു.ഡി.എഫിന്റെ വിജയസാദ്ധ്യത പരുങ്ങലിലാകും.
കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യമുണ്ടാകാതെ നോക്കേണ്ടതുണ്ട്. എം.സ്വരാജിനെ ഭയന്നിട്ടില്ല, ബി.ജെ.പിയുടെ വളർച്ചക്ക് തടയിടാൻ വേണ്ടിയാണ് കെ.ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫ് നിൽക്കുമ്പോൾ പരീക്ഷണമല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന് പറഞ്ഞ് കേൾക്കുന്ന മുൻ കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിന് മണ്ഡലവുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം കെ.ബാബുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയും ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ അവർ ആരും ഔദ്യോഗിക ചുമതല വഹിക്കുന്നവരല്ലെന്ന് ഡി.സി.സി ജന. സെക്രട്ടറി ആർ.കെ. സുരേഷ് ബാബു വ്യക്തമാക്കി.
ബാബുവില്ലെങ്കിൽ രാജി
തൃപ്പൂണിത്തുറയിൽ യു.ഡി.എ് സ്ഥാനാർത്ഥിയായി കെ.ബാബു ഇല്ലെങ്കിൽ ഡി.സി.സി ജന. സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, ആർ.കെ. സുരേഷ് ബാബു, യു.ഡി.എഫ് ചെയർമാൻ ബാബു ആന്റണി, ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബെയ്‌സിൽ മൈലന്തറ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്‌സൽ നമ്പ്യാരത്ത്, 120 ബൂത്ത് പ്രസിഡന്റുമാർ, ആറ് മണ്ഡലം പ്രസിഡൻറുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ, കെ.എസ്.യു ജില്ല ജന.സെക്രട്ടറി, കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹികൾ, മഹിള കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധിപേർ ഔദ്യോഗിക സ്ഥാനം രാജിവെക്കുമെന്നാണ് ഭീഷണി.