ahammadkabeer

കളമശേരി : വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മകന് നിയമസഭാ സീറ്റ് നൽകിയതിലും ടി.എ.അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതിലും ജില്ലാ മുസ്ലിം ലീഗിലെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.

ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.പി.അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിൽ അഹമ്മദ് കബീർ എം.എൽ.എയുടെ വസതിയിൽ ഇന്നലെ യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജില്ലയിലെ പാർട്ടി നേതൃത്വത്തിലെ ഭൂരിപക്ഷം എതിർത്തിട്ടും മകന് സീറ്റ് നൽകുകയായിരുന്നു. മങ്കടയിലെ സിറ്റിംഗ് എം.എൽ.എയായ അഹമ്മദ് കബീറിനെ പാർട്ടി അവഗണിക്കുകയും ചെയ്തു.

ഇതിനെതിരെ ജില്ലാ ലീഗ് നേതൃത്വം പരസ്യമായി രംഗത്തുവന്നു. വെള്ളിയാഴ്ച നടന്ന റോഡ് ഷോയിലും ലീഗ് പ്രവർത്തകർ വിട്ടു നിന്നിരുന്നു. ജില്ലാ നേതൃത്വം നൽകിയ പരാതി പരിശോധിച്ച സംസ്ഥാന സമിതി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എം.കെ.മുനീർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരെ കമ്മീഷനായി നിയമിച്ചുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ദേശീയ കൗൺസിൽ അംഗം പി.എം.ഹാരിസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ.ജലീൽ, എൻ.വി.സി.അഹമ്മദ്, കെ.എച്ച്.മുഹമ്മദ് കുഞ്ഞ്, വി.എം.ഉസ്മാൻ ,സംസ്ഥാന കൗൺസിൽ അംഗം എ.എം.അബൂബക്കർ , ജില്ലാ സെക്രട്ടറിമാരായ വി.എസ്.അബ്ദുറഹ്മാൻ, ഇ.എം. അബ്ദുൾ സലാം തുടങ്ങി എസ്.ടി.യു., എം.എസ്.എഫ് ,നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നു.