ആലുവ: ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ വഴിയെന്ന് സി.പി.എം നേതാവ് ജോൺ ഫെർണാണ്ടസ് എം.എൽ.എ പറഞ്ഞു. ആലുവ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരായ മതേതര ശക്തികളുടെ ചെറുത്ത് നിൽപ്പിന് കേരളമാണ് നേതൃത്വം നൽകേണ്ടതെന്നും അതിന് ഇടത് സർക്കാരിന് തുടർഭരണം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാദ്ധ്യമങ്ങൾ പോലും കേരളത്തിലെ തിരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കേരള സർക്കാരിന്റെ വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ നിലപാടുകളെത്തുടർന്നാണ്. മതരാഷ്ട്രത്തിന് ഊന്നൽ നൽകുകയാണ് മോദി സർക്കാർ. പൗരത്വംപോലും മതത്തിന്റെ അടിസ്ഥാനത്തിലാക്കാൻ നീക്കം നടത്തുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ. അഷറഫ്, ടി.എൻ. സോമൻ, വി. സലീം, എ.പി. ഉദയകുമാർ, സി.കെ. സലീംകുമാർ, കെ.എം. കുഞ്ഞുമോൻ, ഷംസുദ്ദീൻ , ഡോ. എം. മുകുന്ദൻ, സലീം എടത്തല), എം.എ. ടോമി, കെ.പി. ഷാജി , അശോക് കുമാർ, റൈജ അമീർ, പ്രീജ കുഞ്ഞുമോൻ, ഖാലിദ് മുണ്ടപ്പിള്ളി എന്നിവർ സംസാരിച്ചു.