തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിൽ ഇടത് - വലത് മുന്നണി സ്ഥാനാർത്ഥികൾ തിരക്കിലാണ്. എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം സ്ഥാനാർഥി ഡോ.ജെ.ജേക്കബ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാക്കനാട് .വൈറ്റില, ചമ്പക്കര, തൃപ്പുണിത്തുറയിലെ ചില ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും,പ്രമുഖരുടെ അടുത്തും സന്ദർശനം നടത്തി. ഇന്നലെ വൈകിട്ട് ആലിൻചുവട് നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ മണിശങ്കർ,എം.ഇ ഹൈസൈനർ,തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ് കാക്കനാട് ജംഗ്ഷൻ , അത്താണി, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ വ്യാപാരികളെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇടപ്പള്ളിയിൽ നടന്ന എൻ.എസ്.എസ് വോളണ്ടിയർമാരുടെ ശ്രമദാന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. ബി.ജെ.പി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ ബി ജെ.പി നേതാവ് എസ്.സജി മത്സരിക്കാനാണ് സൂചന.